ബ്യൂണസ് അയേഴ്സ്: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അര്‍ജന്റീനയിലെ മനുഷ്യാവകാശ സംഘടന. എഴുപതുകളില്‍ അര്‍ജന്റീയില്‍ നടന്ന ‘വൃത്തികെട്ട യുദ്ധ’ത്തില്‍ അദ്ദേഹം കുറ്റകരമായ മൗനമവലംബിച്ചു എന്നാണ് പഴി. പോപ്പ് ഫ്രാന്‍സിസ് യുദ്ധനടപടികള്ക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നും യുദ്ധകാലത്ത് കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും മനുഷ്യാവകാശ സംഘടന കുറ്റപ്പെടുത്തി.
ഗ്രാന്റ് മദേഴ്സ് ഓഫ് ദ പ്ലാസാ ദാ മയോ എന്ന അര്‍ജന്റീനയിലെ പേരുകേട്ട മനുഷ്യാവകാശ സംഘടന 1977ല്‍ രൂപീകരിക്കപ്പെട്ടത് ‘വൃത്തികെട്ട യുദ്ധ’കാലത്ത് കാണാതായ നൂറുകണക്കിന് കുട്ടികളെ കണ്ടെത്താന്‍ വേണ്ടിയാണ്. യുദ്ധത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ അന്ന് കര്‍ദ്ദിനാളായിരുന്ന ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് സംഘടന വെള്ളിയാഴ്ച ആരോപിച്ചത്. യുദ്ധകാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഈ ആരോപണം മാര്‍പ്പാപ്പ സ്ഥാനത്തേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിനുള്ള സൂക്ഷ്മ പരിശോധനയ്ക്കിടയിലും ഉയര്‍ന്നിരുന്നു. 1976നും 83നും ഇടയ്ക്ക് നടന്ന വൃത്തികെട്ട യുദ്ധത്തില്‍ ഏതാണ്ട് മുപ്പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, യുദ്ധത്തെ പ്രതിരോധിക്കുന്നതില്‍ പോപ്പ് ഫ്രാന്‍സിസ് പരാജയപ്പെട്ടെന്ന ആരോപണത്തെ നിഷേധിച്ചുകൊണ്ട് വത്തിക്കാന്‍ വെള്ളിയാഴ്ച രംഗത്തെത്തി. സൈനിക സ്വേച്ഛധിപത്യത്തിന്റെ ഫലമായി രാജ്യം യുദ്ധത്തിലൂടെ കടന്നുപോയ കാലയളവില്‍ ഇടതുപക്ഷത്തിനെതിരായ സൈനിക ഗൂഢാലോചനയില്‍ അദ്ദേഹം പങ്കെടുത്തെന്ന ആരോപണവും വത്തിക്കാന്‍ നിഷേധിച്ചു. അക്കാലത്ത് ബെര്‍ഗോഗ്ലിയോ ആയിരുന്നു പുരോഹിത സമൂഹത്തിന്റെ തലവന്‍.
പീഡനസ്ഥലങ്ങളില് വച്ച് അമ്മമാരില്‍ നിന്നും മോഷ്ടിക്കപ്പെട്ട കുട്ടികളെ നിരവധി വര്‍ഷങ്ങള്‍ അന്വേഷിച്ച് നടന്ന ഗ്രാന്റ് മദേഴ്സ് ഓഫ് പ്ലാസ ദെ മയോയുടെ തലവന്‍ 82കാരനായ എസ്റ്റെല്ലാ ദെ കാര്ലോട്ടോ ആണ്. ബെര്‍ഗോഗ്ലിയോക്ക് എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം അതിനെതിരെ ഒന്നും ചെയ്തില്ലെന്ന് കാര്ലോട്ടോ വെള്ളിയാഴ്ച പറഞ്ഞു. ജനാധിപത്യ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്തിട്ടു പോലും വൃത്തികെട്ട യുദ്ധകാലത്ത് എന്താണ് നടന്നതെന്ന് ഓര്‍മിക്കാന്‍ തയ്യാറാകാത്ത പോപ്പിന്റെ വെളിപ്പെടുത്തല്‍ കാര്ലോട്ടോ വെള്ളിയാഴ്ച പത്രസമ്മേളനത്തിലാണ് ചൂണ്ടിക്കാട്ടിയത്.
സഭയുടെ പരമാധികാരിയായിട്ടു പോലും അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും പറയാനില്ല. ഒരു സ്ഥാപനമെന്ന നിലയ്ക്ക് തങ്ങള്‍ക്ക് പരാതിയുണ്ട്. തങ്ങളെ വിളിപ്പിക്കുകയോ എന്താണ് ആവശ്യമെന്ന് തിരക്കുകയോ അദ്ദേഹം ചെയ്തിട്ടില്ലെന്ന് കാര്ലോട്ടോ പറഞ്ഞു. സ്വേച്ഛാധിപത്യകാലത്ത് കാര്ലോട്ടോയുടെ മകളെയും സൈന്യം പിടികൂടിയിരുന്നു. തടവില്‍ കഴിയുന്ന കാലത്ത് അവള് ഒരു കുഞ്ഞിന് ജന്മം നല്കി. പിന്നീട് അവളെ കൊലപ്പെടുത്തി. ആ കുഞ്ഞിനെ ഇന്നുവരെ കണ്ടെത്താനായിട്ടില്ല, കാര്ലോട്ടോ ചൂണ്ടിക്കാട്ടി.
മോഷ്ടിക്കപ്പെട്ട കുട്ടികള്‍ എവിടെയാണെന്ന് ബെര്‍ഗോഗ്ലിയോക്ക് അറിയാമായിരുന്നെന്ന് നഷ്ടപ്പെട്ട അനന്തിരവനെ തേടി നടക്കുന്ന സംഘടനയിലെ മറ്റൊരംഗമായ എസ്റ്റെലാ ദെ ലാ ക്വാഡ്ര പറഞ്ഞു. നഷ്ടപ്പെട്ട ചെറുമകനെ തേടി നടന്ന ക്വാഡ്രയുടെ പിതാവ് സഹായത്തിനായി ബെര്ഗോഗ്ലിയോവിനെ സമീപിച്ചിരുന്നു. സ്വേച്ഛാധിപത്യം കൊടികുത്തി വാഴ്ന്നിരുന്ന 1977കളിലാണ് ഗര്‍ഭിണിയായ ഇദ്ദേഹത്തിന്റെ മകളെ സൈന്യം തടവിലാക്കിയത്.
മനുഷ്യാവകാശ കേസുകളില്‍ ബെര്‍ഗോഗ്ലിയോയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നെങ്കിലും തുറന്ന കോടതിയില്‍ വിചാരണ നേരിടാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നതായി ഇവര്‍ പരാതിപ്പെടുന്നു. ഒരുതവണ തന്റെ നിരപരാധിത്വം സംബന്ധിച്ച രേഖകള്‍ എഴുതിനല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരിക്കല്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കാമെന്നും എന്നാലത് തന്റെ ഓഫീസില്‍ വച്ച് മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചെറുപ്പക്കാരായ മിഷണറിമാര്‍ സൈന്യത്തിനെതിരെ നീങ്ങിയെങ്കിലും ബെര്‍ഗോഗ്ലിയോ അത് തടഞ്ഞതായും ആരോപണമുണ്ട്. പുരോഹിത സമൂഹം രാഷ്ട്രീയ കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കണമെന്നും ബെര്‍ഗോഗ്ലിയോ പറഞ്ഞുവത്രെ. അദ്ദേഹം ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും സഹായകരമായ നിലപാട് സ്വീകരിച്ചിട്ടില്ല. യുദ്ധകാലത്ത് റോമന്‍ കത്തോലിക്കാ സഭയുടെ കര്‍ത്തവ്യം എന്തായിരുന്നെന്ന് പലരും ചോദ്യം ചെയ്തിട്ടുണ്ട്. സഭ യുദ്ധ ആക്രമണങ്ങളില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കെതിരായ നടപടികള്‍ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും അര്‍ജന്റീന കോടതി ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: