സ്റ്റോഖോം: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ആയുധ കയറ്റുമതി രാജ്യം എന്ന ബഹുമതി ചൈനയ്ക്ക്. ഇക്കാര്യത്തില്‍ ബ്രിട്ടനെയാണ് ചൈന കടത്തിവെട്ടിയത്. 2008 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ആയുധ കയറ്റുമതിയില്‍ 162 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സ്റ്റോഖോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അന്താരാഷ്ട്ര ആയുധ കയറ്റുമതിയുടെ കാര്യത്തില്‍ ചൈനയുടെ പങ്ക് രണ്ട് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായാണ് വര്‍ധിച്ചത്. ഇതിന് മുമ്പ് ചൈനയുടെ റാങ്ക് എട്ടായിരുന്നു. പാക്കിസ്ഥാനാണ് ചൈനയുടെ ആയുധങ്ങള്‍ വന്‍തോതില്‍ വാങ്ങുന്ന രാജ്യം. ചൈനയില്‍ നിന്നും 55 ശതമാനം ആയുധങ്ങളും കയറ്റി അയയ്ക്കുന്നത് പാക്കിസ്ഥാനിലേക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ശതമാനം മ്യാന്മാറിലേക്കും ഏഴ് ശതമാനം ബംഗ്ലാദേശിലേക്കുമാണ് കയറ്റി അയയ്ക്കുന്നത്. പാക്കിസ്ഥാന് വന്‍തോതില്‍ ആയുധങ്ങള്‍ കൈവശപ്പെടുത്തുന്നതാണ് ചൈനയുടെ കയറ്റുമതി ഉയരാന്‍ കാരണമെന്ന് എസ്ഐപിആര്‍ഐയുടെ ഡയറക്ടര്‍ പോള്‍ ഹോള്ടോം പറയുന്നു. ഇത് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുക ഇന്ത്യയ്ക്കായിരിക്കും. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ചൈന ആയുധ ദാതാവ് എന്ന നിലയില്‍ അടിത്തറ ഉറപ്പിച്ചുവെന്നതിന്റെ തെളിവാണ്. യുഎസ് ആണ് ആയുധ കയറ്റുമതിയുടെ കാര്യത്തില്‍ ഒന്നാമത്. റഷ്യ രണ്ടാമതും ജര്‍മനി മൂന്നാം സ്ഥാനത്തുമാണ്. ഫ്രാന്‍സാണ് നാലാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: