കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്കുവേണ്ടി എന്ത് നീക്കി വച്ചുവെന്ന ചോദ്യം ബാക്കിയാകുന്നു. കേന്ദ്ര ബജറ്റിലെ 1000 കോടിയുടെ നിര്‍ഭയ ഫണ്ടിലെ വിഹിതം വിനിയോഗിക്കാന്‍ ഒരു പദ്ധതി വാര്ഷികാസൂത്രണത്തിലില്ല.
കൂടുതല്‍ പരിഗണന നല്‍കേണ്ട വിഷയം ആയിരുന്നിട്ട് കൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നാമമാത്രമായ പദ്ധതികള്‍മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാക്ഷേമത്തിനും സംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് അവകാശപ്പെടുമ്പോഴും അതൊന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഫലിച്ചില്ല.
പുതുതലമുറയില്‍ വനിതകളോടുള്ള ആരോഗ്യകരമായ പെരുമാറ്റ സംഹിത ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈസ്കൂള്‍-ഹയര്‍ സെക്കന്ററി തലങ്ങളില്‍ പാഠ്യപദ്ധതികളിലെ മൂല്യനിര്‍ണയത്തില്‍ ജെന്‍ഡര്‍ ബാലന്‍സ് സ്കോര്‍ കൂടി ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനമാണ് സ്ത്രീ ശാക്തികരണവും ക്ഷേമവും ലക്ഷ്യമിട്ട് നടത്തിയിരിക്കുന്നത്. വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം – സര്‍ക്കാര്‍ നിരക്കിലുള്ള ട്യൂഷന് ഫീസ് ഇവരുടെ മക്കള്‍ക്ക് സൗജന്യമാക്കും.
വിദ്യാഭ്യാസം നാള്‍ക്കുനാള്‍ ചെലവേറിയതാകുമ്പോള്‍ ഈ പദ്ധതി എത്തരത്തില്‍ പ്രാവര്‍ത്തികമാക്കുമെന്നും പ്രഖ്യാപനം കടലാസില്‍ മാത്രം ഒതുങ്ങുമോയെന്നും കണ്ടുതന്നെ അറിയാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മംഗല്യനിധി രൂപീകരിക്കും. ഇതിനാവശ്യമായ ഫണ്ട് ചെലവേറിയ വിവാഹാഘോഷങ്ങളില്‍ നിന്നും സമാഹരിക്കുന്നതിനാണ് പദ്ധതി. 20000 രൂപ വീതമാണ് നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹ സഹായം നല്‍കുന്നത്. ഒരു പവന് സ്വര്‍ണത്തിന് തികയില്ലെന്നത് വേറെ കാര്യം. എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്നവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ ആജീവനാന്ത പെന്ഷന്, കൂടാതെ നൂറ് ദിവസം ജോലിചെയ്യുന്ന എല്ലാ സ്ത്രീ തൊഴിലാളികള്‍ക്കും ഓണത്തോട് അനുബന്ധിച്ച് ഓണക്കോടിയും. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കുടുംബശ്രീ, ജനശ്രീ, ഗൃഹശ്രീ തുടങ്ങിയ മഹിളാ സംഘടനകളിലെ അംഗങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും. വിധവാ പെന്ഷന് 525 രൂപയില്‍ നിന്നും 700 രൂപയാക്കി. 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷനും 700 രൂപയാക്കി. വാക്കുകൊണ്ടും വാദം കൊണ്ടും സ്ത്രീ സുരക്ഷയ്ക്കും സംരക്ഷയ്ക്കും ഒട്ടേറെ പദ്ധതികള്‍ എന്ന് പറയാമെങ്കിലും സ്ത്രീകളുടെ ഒട്ടേറെ സാമൂഹ്യ-ജീവിത പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടാതെ പോയിട്ടുണ്ടെന്ന് ആക്ഷേപം പറഞ്ഞാല്‍ തെറ്റില്ല.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: