നമുക്ക് ശരീരമുള്ളിടത്തോളം കാലം, ശരീരംതന്നെ നാമെന്ന ആശയം നമ്മെ വ്യാമോഹിപ്പിക്കുന്നിടത്തോളം കാലം ഒരീശ്വരന്‍ നമുക്ക് കൂടിയേതീരു. ഈ ആശയങ്ങളെല്ലാം നമുക്കുണ്ടെങ്കില്‍ രാമാനുജന് തെളിയിച്ചപോലെ ഈശ്വരനെയും പ്രകൃതിയെയും ജീവനെയും പറ്റിയുള്ള ആശയങ്ങളും കൈക്കൊള്ളേണ്ടിവരും. ഇതിലൊന്ന് കൈക്കൊണ്ടാല്‍ ആ ത്രികോണമാസകലം കൈക്കൊള്ളേണ്ടിവരും. ഇതൊഴിവാക്കാവതല്ല. അതിനാല്‍ ബാഹ്യലോകം കാണുന്നിടത്തോളം കാലം, പുരുഷവിധനായ ഒരീശ്വരനെയും ആത്മാവിനെയും തള്ളിക്കളയുന്നത് തനിഭ്രാന്താണ്.
എന്നാല്‍ സിദ്ധന്മാരുടെ ജീവിതത്തില്‍ മനുഷ്യമനസ് സ്വപരിമിതികളെ അതിവര്‍ത്തിക്കുന്നു. മനുഷ്യന് പ്രകൃതിക്കുമപ്പുറം പോകുന്ന മുഹൂര്ത്തങ്ങളുണ്ടാകാം. പ്രകൃതിക്കപ്പുറത്തെ ആ മണ്ഡലത്തെപ്പറ്റിയാണ് ശ്രുതി പ്രഖ്യാപിക്കുന്നത്. എവിടെനിന്നാണോ മനസ്സോടൊത്താ വാക്കുകളും ചെന്നെത്താതെ പിന്‍വാങ്ങുന്നത്, അവിടെ കണ്ണിനോ വാക്കിനോ മനസിനോ എത്താവതല്ല. അതറിയാമെന്നോ അറിഞ്ഞുകൂടെന്നോ പറയാവതല്ല എന്ന് അവിടെ മനുഷ്യാത്മാവ് സ്വപരിമിതികളെ അതിവര്‍ത്തിക്കുന്നു. അപ്പോള്‍ മാത്രമാണ് അദ്വൈതഭാവന മനുഷ്യാത്മാവില്‍ വെട്ടിത്തിളങ്ങുന്നത്, ഞാനും പ്രപഞ്ചം മുഴുവനും ഒന്നുതന്നെ; ഞാനും ബ്രഹ്മവും ഒന്നുതന്നെ, എന്ന് ഈ നിഗമനത്തിലെത്തുക ജ്ഞാനത്തിലുടെയും ദര്‍ശനത്തിലൂടെയും മാത്രമല്ലെന്നും കാണാം. അതിന്റെ ചില അംശങ്ങളിലെത്തിയത് പ്രേമഭാവത്തിലൂടെയാണ്.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: