മാതാവിന്റെ സ്ഥിതികണ്ട് ഗരുഡന് മനസ്സലിഞ്ഞു. ഒരിക്കല്‍ ഗരുഡന് കദ്രുവിനേയും നാഗങ്ങളേയും വിളിച്ച് ഈ ദാസ്യവൃത്തിയില്നിന്നും മോചനം ലഭിക്കാനെന്താണ് വഴിയെന്ന് ചോദിച്ചു. ദേവലോകത്തുചെന്ന് അമൃത് കൊണ്ടുവന്ന് തങ്ങള്‍ക്ക് തന്നാല്‍ ദാസ്യത്തില്‍നിന്ന് ഒഴിവാക്കാമെന്ന് കദ്രുവും സന്താനങ്ങളും പറഞ്ഞു. അതനുസരിച്ച് ദേവലോകത്തേക്ക് പറക്കാന്‍ തന്നെ ഗരുഡന് തീരുമാനിച്ചു. ഈ തീരുമാനം ഗരുഡന് വിനതയെ അറിയിച്ചു.
എന്നാല്‍ ദേവലോകത്ത് ചെല്ലുന്നതുവരെ ആഹാരം കഴിക്കുന്നതെങ്ങനെയെന്ന ഒരു പ്രശ്നം ഉത്ഭവിച്ചു. പോകുന്നവഴി സമുദ്രമധ്യത്തില്‍ നിഷാദാലയം എന്നൊരു ദ്വീപുണ്ടെന്നും അവിടെനിന്ന് നിഷാദന്മാരെ ആഹരിക്കണമെന്നും ആ കൂട്ടത്തില്‍ അറിയാതെപോലും ബ്രാഹ്മണരെ ഭക്ഷിക്കരുതെന്നും അമ്മ ഉപദേശിച്ചു.
ബ്രാഹ്മണരെ തിരിച്ചറിയുന്നതെങ്ങനെയെന്ന് ഗരുഡന് ചോദിച്ചു. ബ്രാഹ്മണന് കണ്ഠത്തില് പ്രവേശിക്കുമ്പോള്‍ അഗ്നിയെപ്പോലെ ചൂടുമെന്ന് വിനത പറഞ്ഞു. അതിനുശേഷം വിനത മകനെ അടുക്കല്‍ വിളിച്ച് അവന്റെ ചിറകുകളെ വായുവും പൃഷ്ഠത്തെ ചന്ദ്രസൂര്യനും ശിരസ് അഗ്നിയും ഉടല് വസുക്കളും കാക്കുമെന്ന് അനുഗ്രഹിച്ചു. പുത്രന് തിരിച്ചുവരുന്നതുകാത്ത് അവിടത്തന്നെ കഴിഞ്ഞുകൊള്ളാമെന്ന് വിനത പറഞ്ഞു.
– വെട്ടം മാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: