റിയാദ്: വധശിക്ഷ നടപ്പാക്കാന്‍ തോക്കുപയോഗിക്കാന്‍ ആഭ്യന്തരമന്ത്രാലയം പ്രവിശ്യാഗവര്ണര്മാര്ക്ക് അനുവാദം നല്കി. വിദഗ്ധരായ ആരാച്ചാര്‍മാരുടെ ദൗര്‍ലഭ്യം, വിദൂരദിക്കുകളില്‍ നിന്നുള്ളവരെ എത്തിക്കാനുള്ള പ്രായോഗികതടസങ്ങള്, ആരാച്ചാര്‍ വൈകുന്നതുമൂലം സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിലെ ബുദ്ധിമുട്ട് എന്നീ കാര്യങ്ങള്‍ മൂലമാണ് നിലവില്‍ പിന്തുടരുന്ന വാളുകൊണ്ടുള്ള ശിരഛേദത്തിന് പകരം വെടിയുതിര്‍ത്തുള്ള വധശിക്ഷക്ക് അനുമതി നല്കാന് ആഭ്യന്തര മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
ഈ വിഷയം പഠിച്ച് റിപോര്‍ട്ട് സമര്പിക്കാന് ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്, പൊതുസുരക്ഷാ വിഭാഗം, ജയില്‍ കാര്യാലയം എന്നിവയുടെ പ്രതിനിധികളടങ്ങിയ പ്രത്യേകസമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്.
വാളുപയോഗിച്ച് ശിരഛേദം നടത്തുന്നതിന് പകരം തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പാക്കുന്നത് ശരീഅത്ത് വ്യവസ്ഥക്ക് വിരുദ്ധമാവുകയില്ലെന്ന് സമിതി പഠനത്തില്‍ പറയുന്നു. വധശിക്ഷയുടെ രീതി ഓരോ പ്രവിശ്യയുടെയും ഗവര്‍ണര്‍മാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണെന്നും റിപോര്‍ട്ട് പറയുന്നു.
2012 ല്‍ 69 പേരെയാണ് സൗദിയില്‍ വധശിക്ഷക്ക് വിധേയരാക്കിയത്. ബലാല്‍സംഗം, കൊലപാതകം, സംഘം ചേര്‍ന്നുള്ള കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയാണ് സൗദിയില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: