കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഒപ്പുമരച്ചോട്ടില്‍ നടക്കുന്ന നിരാഹാര സമരത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന എ മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനുള്ള പോലീസിണ്റ്റെ ശ്രമം സമരക്കാര്‍ തടഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കാന്‍ ടൗണ്‍ പോലീസ് ആംബുലന്‍സുമായി എത്തിയത്. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ രാവിലെ പരിശോധിച്ച ഡോക്ടര്‍മാര്‍ മോഹന്‍കുമാറിണ്റ്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അറിയിച്ചിരുന്നതായി സമര സമിതി വക്താക്കള്‍ പറഞ്ഞു. ഗാന്ധി മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്ന സത്യാഗ്രഹിയെ ബലമായി ആശുപത്രിയില്‍ കൊണ്ടുപോകുന്നത് സമരം അടിച്ചമര്‍ത്താനുള്ള അധികൃതരുടെ നീക്കത്തിണ്റ്റെ ഭാഗമാണെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് ആരോപിച്ചു. ഇതിനിടെ മോഹന്കുമാറെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ സമരപന്തലില്‍ എത്തിയവര്‍ പ്രതിഷേധിച്ചു. പിന്നീട് ഡോക്ടറുടെ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവുമായി കാസര്‍കോട് തഹസില്‍ദാര്‍ ശശിധര ഷെട്ടി സമരപന്തലിലെത്തി ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറാണമെന്ന് മോഹന്കുമാറോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും ബലമായി ആശുപത്രിയിലേക്ക് മാറ്റിയാല്‍ അവിടെയും സമരം തുടരുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു. വാന്‍ പോലീസ് സംഘമാണ് അറസ്റ്റ് നടപടികള്‍ക്കുവേണ്ടി സമരപന്തലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: