ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് രാജ്യാന്തര പ്രശസ്തി. അലഹബാദിലെയോ ഹരിദ്വാറിലെയോ കുംഭമേളകളെ അനുസ്മരിപ്പിക്കുന്ന ഭക്തപ്രളയം. ദ്രാവിഡ ജനതയുടെ ആചാരവിശേഷങ്ങളില്‍ സുപ്രധാനമായ പൊങ്കാലനൈവേദ്യ സമര്‍പ്പണത്തിനായി എത്തുന്നവരില്‍ വിദേശികളായ ഭക്തരുമുണ്ട്. കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല സമര്‍പ്പണം.
പത്തുദിവസം നീളുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം. ഒന്‍പതാം ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല. പൊങ്കാലദിവസം ആറ്റുകാല്‍ വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരായാണ് കുത്തിയോട്ട ബാലന്മാര് സങ്കല്പ്പിക്കപ്പെട്ടിരിക്കുന്നത്. പൊങ്കാലയ്ക്ക് ഒരു മാസം മുന്‍പ് മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര് കുത്തിയോട്ടവ്രതം ആരംഭിക്കും. അന്നുരാവിലെ പള്ളിപ്പലകയില്‍ ഏഴ് ഒറ്റരൂപയുടെ നാണയത്തുട്ടുകള്‍വച്ച് പ്രാര്‍ത്ഥിച്ച് മേല്‍ശാന്തിയില്‍നിന്നും പ്രസാദം സ്വീകരിച്ച് വ്രതം തുടരും. ഈ വ്രതം ഏഴുനാള്‍വരെ നീണ്ടുനില്‍ക്കും. അപ്പോഴേക്കും ദേവിയുടെ തിരുനടയില്‍ അവര്‍ ആയിരത്തിയെട്ട് നമസ്കാരങ്ങളും നടത്തിക്കഴിഞ്ഞിരിക്കും. ഈ കാലയളവില്‍ ഇവരുടെ താമസവും ക്ഷേത്രത്തില്‍ത്തന്നെ. എഴുന്നെള്ളത്തിന് ദേവിക്ക് അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കാരാണ്. ദേവിയുടെ തിരുനടയില്‍ വച്ച് ചൂരല്‍കുത്തി എഴുന്നെള്ളിപ്പ് ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ അലംകൃതരായ ബാലന്മാരെ തയ്യാറാക്കി നിര്‍ത്തുന്നു. ചൂരല്‍കുത്തി എഴുന്നെള്ളിപ്പെന്നാണ് ഇത് അറിയപ്പെടുന്നത്. പൊങ്കാല കഴിഞ്ഞാണ് ചൂരല്‍കുത്ത് ചടങ്ങ്. വെള്ളിയിലുള്ള ചെറിയ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. തുടര്‍ന്ന് അകമ്പടി സേവിക്കല്‍. എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തി കോര്‍ത്ത ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ. അണിഞ്ഞൊരുങ്ങിയ പതിനൊന്ന് വയസ്സുവരെയുള്ള ബാലികമാരുടെ ചുണ്ടുകളില്‍ ചെഞ്ചായം തേച്ച്, കഴുത്തില്‍ പൂമാലയിട്ട്, തലയില്‍ കിരീടംവച്ച് ഇളം കൈകളില്‍ താലം പിടിച്ച് താലത്തില്‍ വച്ച അരിയും കമുകിന് പൂക്കുലയും അഷ്ടമംഗല്യവുമായി ചുവന്ന കലങ്ങള്‍ നിരന്ന നഗരവീഥികളിലൂടെ അവര്‍ ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാഴ്ച വര്‍ണനാതീതമാണ്.
കണ്ണകി ചരിതം പാടി കാപ്പുകെട്ടി ഭഗവതിയെ കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. കൊടുങ്ങല്ലൂരമ്മയെ എഴുന്നെള്ളിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധംവരെയാണ് പൊങ്കാലയ്ക്ക് മുന്‍പ് പാടിത്തീര്‍ക്കുന്നത്. പാണ്ഡ്യരാജാവിന്റെ നിഗ്രഹത്തെ പ്രതിപാദിക്കുന്ന തോറ്റംപാട്ട് അവസാനിക്കുമ്പോഴേക്ക് വ്രതശുദ്ധിയോടെ പൊങ്കാലയിടാന്‍ കാത്തുനില്ക്കുന്ന സ്ത്രീ സഹസ്രങ്ങള്‍ മൈക്കിലൂടെ ഒഴുകി വരുന്ന ഈ സന്ദേശത്തിന് കാതോര്‍ക്കും. “എല്ലാ ഭക്തജനങ്ങളും മന്ത്രോച്ചാരണത്തോടെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കണമെന്ന്” പണ്ടാര അടുപ്പില്‍നിന്നും പകര്‍ന്ന തീ പതിനായിരങ്ങളുടെ പൊങ്കാലയടുപ്പുകളിലേക്ക് പടരുന്നതോടെ വായ്ക്കുരവയും ഉയരും. അപ്പോള്‍ ഹോമാഗ്നിയില്‍ നിന്നെന്നപോലെ ഉയരുന്ന വിശുദ്ധമായ പുക തിരുവനന്തപുരം നഗരത്തെ ഭക്തിസാന്ദ്രമാക്കും. വൈകുന്നേരം ശാന്തിക്കാര്‍ പൊങ്കാലക്കലങ്ങളില് തീര്‍ത്ഥജലം തളിക്കാന്‍ തുടങ്ങവെ വിമാനത്തില്‍നിന്നുള്ള പുഷ്പവൃഷ്ടിയുമുണ്ടാകും. വര്‍ഷങ്ങള്‍ക്കുമുന്‍പ് നേര്‍ച്ച നേര്‍ന്ന് മനസ്സില്‍ താലോലിച്ചു നടന്ന പൊങ്കാല വഴിപാടിന്റെ നൈവേദ്യം ഭഗവതി ഏറ്റുവാങ്ങിയ സംതൃപ്തിയോടെ ഭക്തലക്ഷങ്ങള്‍ തിരിച്ചുപോകും. അടുത്ത പൊങ്കാലവരെ കാത്തിരിക്കാനുള്ള ക്ഷമ സംഭരിച്ചുകൊണ്ട്, പൊങ്കാലയ്ക്കുശേഷം രാത്രിയില്‍ ദേവിയുടെ എഴുന്നെള്ളത്താണ്.
– പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: