സോള്‍ : ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി പാര്‍ക്ക് ഗ്യൂന്‍ ഹീ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി നേതാവ് മൂണ്‍ ജേ ഇന്നിനെ പരാജയപ്പെടുത്തിയാണ് പാര്‍ക്ക് ഗ്യൂന്‍ ഹീ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ദക്ഷിണ കോറിയയുടെ മുന്‍ സൈനിക മേധാവിയായ ഭരണാധികാരി പാര്‍ക്ക് ചുങ്ങ് ഹീയുടെ മകളാണ് 61കാരിയായ ഗ്യൂന്‍ ഹൈ. വടക്കന്‍ കൊറിയയുടെ ആണവ മോഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് അധികാരമേറ്റയുടെന് അവര്‍ ആവശ്യപ്പെട്ടു. സമാധാന നീക്കങ്ങളെ തകര്‍ക്കുന്നതാണ് വടക്കന്‍ കോറിയയുടെ നീക്കമെന്നും അവര്‍ പറഞ്ഞു.
ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കടുത്ത നിലപാടെടുക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം പാര്‍ക്ക് ഗ്യൂന്‍ ഹീ കൂട്ടിച്ചേര്‍ത്തു. പാര്‍ക്ക് ഗ്യൂന്‍ ഹീയുടെ പിതാവിനെ വകവരുത്താന്‍ ശ്രമിച്ച ആളുടെ ചെറുമകനാണ് വടക്കന്‍ കൊറിയയുടെ ഭരണകര്‍ത്താവായ കിം ജോങ്ങ് ഉന്‍ എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: