ചെന്നൈ: ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായ ചെന്നൈയില്‍ ഇന്നലെയും താപനില പതിവുപോലെ 30 ഡിഗ്രി സെല്ഷ്യസിലേറെയായിരുന്നു പക്ഷേ, ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിലെ കാണികള്‍ അതറിഞ്ഞില്ല. അവര്‍ ഒരു മഴ നനഞ്ഞു. വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പ്രതിഭകള്‍ തീര്‍ത്ത റണ്‍മഴ. ആ വര്‍ഷകാലത്തിനു ബറ്റ്ന്ന വജ്രായുധം കുലച്ച് കുളിര്ത്തുള്ളികള് ഏറെ നല്‍കിയത് നായകന് മഹേന്ദ്രനും. മഴപെയ്തൊഴിഞ്ഞപ്പോള് കങ്കാരുപ്പടയുടെ മോഹങ്ങളുടെ ഇതളുകളെല്ലാം ഒലിച്ചുപോയി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ (206 നോട്ടൗട്ട്) കന്നി ഇരട്ട സെഞ്ച്വറിയുടെയും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരപദവി കൈയടക്കാന്‍ ഒരുങ്ങുന്ന വിരാട് കോഹ്ലിയുടെ (107) സെഞ്ച്വറിയുടെയും മികവില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഏറെക്കുറെ ആധിപത്യമുറപ്പിച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അടിച്ചുകൂട്ടിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സ്. രണ്ടു ദിവസം അവശേഷിക്കെ ടീം ഇന്ത്യയ്ക്ക് 135 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ്. സ്കോര്‍: ഓസ്ട്രേലിയ 380. ഇന്ത്യ- എട്ടിന് 515.
കരുത്തുറ്റ ബാറ്റിങ്ങിന്റെ ആധികാരികവും സംതുലിതവും കാര്യക്ഷമവുമായ പ്രയോഗം ധോണിയുടെ ഇന്നലത്തെ പ്രകടനത്തിനു വിശേഷണം അതൊന്നുമാത്രം. മുന്നോട്ടാഞ്ഞും പിന്നോട്ടാഞ്ഞും പന്തിനെ മൈതാനത്തിന്റ നാലുപാടും പറത്തിയ ധോണി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്ദാക്ഷണ്യവും വന്യവുമായ ഇന്നിങ്ങ്സിനു പിറവികൊടുത്തു. ചെന്നൈയിലെ കളിക്കളം ഇതുവരെ ദര്‍ശിച്ച ബാറ്റിങ് വിസ്ഫോടനങ്ങളില്‍ മഹത്തരമായതെന്ന വിശകലനവും ധോണിയുടെ പ്രകടനത്തിനു ചേരും. 22 ബൗണ്ടറികളും അഞ്ചു സിക്സറുകളും കൊടുങ്കാറ്റുപോലെ വീശിയടിച്ച ധോണിയുടെ ബാറ്റില്‍ നിന്നു ചിതറിവീണു. ഓസീസിനെതിരേ ഒരിന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്കോറും ഇരട്ട സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന മഹിമയും ധോണിക്ക് സ്വന്തമായി.
15 ബൗണ്ടറികളും ഒരു സിക്സറുമടക്കം കരിയറിലെ ശതകംകുറിച്ച കോഹ്ലിയും അവസാന ഓവര്‍വരെ ധോണിക്ക് കൂട്ടായി നിന്ന ഭുവനേശ്വര്‍ കുമാറും (56 പന്തില്‍ 16 നോട്ടൗട്ട്) ഇന്ത്യന്‍ ആരാധകര്‍ക്ക് നല്ല ഓര്‍മകള്‍ സമ്മാനിച്ചു. ഓസീസ് ബൗളര്‍മാരില്‍ (4 വിക്കറ്റ്) വേറിട്ടു നിന്നു. നതാന്‍ ലയോണ്‍ മൂന്നു വിക്കേറ്റ്ടുത്തെങ്കിലും ധാരാളം റണ്‍സ് വഴങ്ങി.
രാവിലെ കളി തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നില്ല. സച്ചിന്റെ സെഞ്ച്വറി കാണാനാണ് ഏവരും കൊതിച്ചത്. പക്ഷേ, തലേദിവസത്തെ തന്റെ സ്കോറില്‍ പത്ത് റണ്‍സ് മാത്രം ചേര്‍ത്ത് മാസ്റ്റര്‍ (81) മടങ്ങി. നതാന്‍ ലയോണിന് വിക്കറ്റ്. പിച്ചിന്റെ പരുക്കന്‍ ഭാഗത്തു വീണു തിരിഞ്ഞ പന്തിന്റെ ദിശയറിയാതെ ഡ്രൈവിനു ശ്രമിച്ച സച്ചിന്റെ വിക്കറ്റ് തെറിച്ചു.
പിന്നെ വിശ്വരൂപം കാട്ടാന്‍ ധോണി അവതരിച്ചിറങ്ങി. ഇന്ത്യന്‍ കപ്പിത്താന്റെ കരുത്തുറ്റ കൈത്തണ്ടയുടെ ചൂട് ഓസീസ് ആദ്യവസാനം നൊമ്പരത്തോടെ ഏറ്റുവാങ്ങി. ലയോണിനെ മിഡ് വിക്കറ്റിനുമുകളിലൂടെ പുള്‍ ചെയ്ത കോലിയാണ് ധോണിയില്‍ ഊര്‍ജം പകര്‍ന്നത്. പിന്നാലെ ലയോണിനെ ധോണി ഇരട്ട ബൗണ്ടറികള്‍ക്കു ശിക്ഷിച്ചു; മോയ്സസ് ഹെന്‍ട്രിക്സിനെ കോഹ്ലിയും. ലയോണിനെതിരേ മറ്റൊരു ഓവറിലും ധോണി രണ്ടു ബൗണ്ടറികള്‍ കുറിച്ചു. ഈ സഖ്യം നാലു റണ്‍സ് ശരാശരിയില്‍ ആദ്യ 50 റണ്‍സ് സ്വരുക്കൂട്ടി.
ലഞ്ചിനുശേഷം ഓസ്ട്രേലിയ രണ്ടാം ന്യൂബോള്‍ എടുത്തു. ഇതോടെ ധോണി കലിതുള്ളി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറില്‍ മൂന്നു പന്തുകള്‍ പരസ്യപ്പലകയില്‍ പൊട്ടുതൊട്ടു. പാറ്റിന്‍സനെ സ്ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കാണിച്ച കോഹ്ലി സെഞ്ച്വറി തികച്ചു. തൊട്ടുപിന്നാലെഹെന്ട്രിക്സിനെ ധോണി സിക്സിനും ഫോറിനും പ്രഹരിക്കുന്നതിനും ഗ്യാലറി സാക്ഷിയായി. പക്ഷേ, ലയോണിനെ മിഡ്ഓണിനു മുകളിലൂടെ പറത്താന്‍ ശ്രമിച്ച കോഹ്ലി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയില്‍പ്പെട്ടു. അതൊന്നും ധോണിയുടെ ആക്രമണോത്സുകതയില്‍ മാറ്റംവരുത്തിയില്ല. സിഡിലും ലയോണുമൊക്കെ തല്ലുകൊള്ളികളായി തുടര്‍ന്നു. രവീന്ദ്ര ജഡേജയും (16), ആര്.അശ്വിന് (3) ഹര്ഭജന് സിങ് (11) വേഗം വീണപ്പോള്‍ ഇന്ത്യ കാര്യമായ ലീഡ് നേടില്ലെന്നു തോന്നി. എന്നാല്‍ വലിയ അത്യാഹിതം ഓസീസിന് സംഭവിക്കാന്‍ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഭുവനേശ്വര്‍ ധോണിക്കു കൂട്ടായെത്തിയപ്പോള്‍ ആരും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍ അത്ഭുതം സംഭവിക്കുതന്നെ ചെയ്തു. ഒമ്പതാം വിക്കറ്റില്‍ ഈ ജോടി 109 റണ്‍സുകള്‍ വാരി. അതില്‍ നല്ലൊരുപങ്കും ധോണിയുടെ വക. ധോണിയുടെ ബാറ്റിലെ അഗ്നിസ്ഫുലിംഗങ്ങളുടെ തീഷ്ണതയേറിയപ്പോള് ലയോണും പാറ്റിന്‍സനും ഹെന്‍ട്രിക്സും പാര്‍ട്ട്ടൈം വിദ്യകളുമായെത്തിയ ഡേവിഡ് വാര്ണറുമൊന്നും നിലംതൊട്ടില്ല. ക്ഷമയോടെ കളിച്ച ഭുവനേശ്വര്‍ എതിര് ബൗളര്‍മാരെ വിറളി പിടിക്കുന്നതില്‍ ഹരംകൊള്ളവെ അമ്പയര്‍മാര്‍ സ്റ്റംപിന്റെ ബെയ്ല്സുകളുടെ അധികാരികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: