പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവും പമ്പാനദിയും വിമാനത്താവള പദ്ധതി പ്രദേശത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായി. മല്ലപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളോടൊപ്പം വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് തോട്ടപ്പുഴശ്ശേരി ഗ്രാമവും ചേര്‍ത്തുള്ള എയ്റോട്രോപോളിസ് ആണെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു ശേഷമാണ് വ്യക്തമായിരിക്കുന്നത്.
ആറന്മുള പാര്‍ത്ഥസാരഥി മഹാക്ഷേത്രവും പമ്പാനദിയും ഉള്‍പ്പെടെയുള്ള ഭൂപ്രദേശം പദ്ധതിക്കുള്ളിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് നയപ്രഖ്യാപനത്തിലൂടെ വെളിവായിരിക്കുന്നത്. ക്ഷേത്രവും നദിയും കടന്നുള്ള കരയാണ് തോട്ടപ്പുഴശ്ശേരി ഗ്രാമം. പദ്ധതി പൂര്‍ണ്ണമായും നടപ്പാകുന്നതോടൊപ്പം ആറന്മുളവള്ളംകളി വിസ്മൃതിയിലാകുമെന്ന നാട്ടുകാരുടെ ആശങ്ക സത്യമായി മാറുകയാണ്. ആറന്മുള മഹാക്ഷേത്രവും അനുബന്ധ ആരാധനാലയങ്ങളും ചേര്‍ത്താണ് സ്വകാര്യ കമ്പനിയുടെ പദ്ധതി രൂപരേഖ എന്ന കര്‍മ്മസമിതിയുടെ വാദം ശരിവയ്ക്കുന്നതാണ് തോട്ടപ്പുഴശ്ശേരി ഗ്രാമം ഉള്പ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍.
അഡയാര്‍ നദിയ്ക്കു മുകളിലൂടെ നിര്‍മ്മിച്ച ചെന്നൈ വിമാനത്താവള മാതൃകയിലാണ് ആറന്മുളയില് വിമാനത്താവളം നിര്‍മ്മിയ്ക്കുക എന്ന കെ ജി എസ്സിന്റെ അവകാശവാദത്തിന്റെ അര്‍ത്ഥം പമ്പാനദി കൂടി പദ്ധതിയ്ക്കുള്ളില് വരുമെന്ന് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. അഞ്ഞൂറേക്കറോളം വരുന്ന തോട്ടപ്പുഴശ്ശേരി വെള്ളങ്ങൂര്‍ പുഞ്ചയുടെ ഉടമസ്ഥരില്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി വിമാനത്താവളത്തെ അനുകൂലിയ്ക്കുന്ന ജില്ലയിലെ ഒരു നേതാവിന്റെ കൈവശമാണ്. ആറന്മുള ക്ഷേത്രത്തിലേയ്ക്ക് പൂജയ്ക്കായി താമരപ്പൂ എത്തിച്ചിരുന്ന താമരച്ചാലിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമാണ്. പ്രസ്തുത സ്ഥലങ്ങളെല്ലാം കൈക്കലാക്കി എയ്റോട്രോപോളിസില് വരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ആറന്മുള എന്ന സങ്കല്പം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന പദ്ധതി ആരൊക്കെ അനുകൂലിച്ചാലും എതിര്‍ത്തു തോല്‍പ്പിക്കുമെന്നും പമ്പാനദിയെ നശിപ്പിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുമെന്നും പൈതൃകഗ്രാമ കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി, പ്രകൃതി സംരക്ഷണ സൗഹൃദവേദി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: