തിരുവനന്തപുരം: അനുദിനം നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന കെ.എസ്.ഇ.ബിക്ക് വന്‍കിട ഉപഭോക്താക്കള്‍ കറണ്ട് ഉപയോഗിച്ച വകയില്‍ നല്‍കാനുള്ളത് കോടികള്‍. കറനൃ ബില്ല് അടക്കാന്‍ സാധാരണക്കാര്‍ ഒരു ദിവസം വൈകിയാല്‍ കണക്ഷന് വിച്ഛേദിക്കാനെത്തുന്ന കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍, വന്‍കിട ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക കണ്ടില്ലെന്ന് നടിക്കുന്നു. ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍നിന്ന് കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 197 കോടിയിലേറെ രൂപയാണെന്ന് വിവരാവകാശ പ്രവര്‍ത്തകനും കൊച്ചിയിലെ അഭിഭാഷകനുമായ അഡ്വ.ഡി.ബി.ബിനുവിന് ബോര്‍ഡു തന്നെ നല്കിയ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 13 വര്‍ഷമായിട്ടും പണം തിരികെ പിടിക്കാത്ത സംഭവങ്ങള്‍ പോലുമുണ്ട്. പണമടയ്ക്കാനുള്ളവര് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുന്നതാണ് പ്രശ്നമെന്ന് കെ.എസ്.ഇ.ബി അവകാശപ്പെടുമ്പോഴും സ്റ്റേ നടപടികള്‍ ഒഴിവാക്കാനുള്ള യാതൊരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സ്റ്റേ ഇല്ലാത്ത കുടിശ്ശികകളും വാങ്ങിയെടുക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നില്ല.
പേള്‍ ലൈറ്റ് വയര്‍ പ്രൊഡക്ട്സ് എന്ന കമ്പനി കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ളത് 40 കോടി, സിലിക്കല്‍ മെറ്റലേര്ജിക്കല്സ് 25 കോടി, ബിനാനി സിങ്ക് 19 കോടി, ഇന്‍ഡ്സില്‍ ഇലക്ട്രോസ്മെല്റ്റേഴ്സ് 14 കോടി…. ഇങ്ങനെ പോകുന്നു വന്‍കിട ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള തുക. ഇതെല്ലാം വര്‍ഷങ്ങളായി കേസില്‍പ്പെട്ട് കിടക്കുകയാണ്. കേരളാ ഹൈക്കോടതിക്ക് മുന്നിലുള്ള അമ്പതിലേറെ കേസുകളെടുത്താല്‍ 197 കോടി 19 ലക്ഷത്തി അമ്പത്തിയാറായിരത്തി അറുപത്തിയെട്ട് രൂപയാണ് വിവിധ കമ്പനികള്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ളത്. ഒരു സാധാരണക്കാരന് ചെറിയൊരു തുക കുടിശ്ശിക വരുത്തിയാല്‍ ഉടന്‍ നടപടിയെടുക്കുന്ന ബോര്‍ഡിന്റെ വന്‍കിട ഉപഭോക്താക്കളോടുള്ള സമീപനം കുത്തകക്കാര്‍ക്ക് സഹായം ചെയ്യുന്ന തരത്തിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
5 കോടി രൂപ കുടിശ്ശിക വരുത്തിയ എക്സല്‍ ഗ്ലാസസ് എന്ന കമ്പനി കേസുമായി 1999ല്‍ കോടതിയില്‍ പോയി. നിലവില്‍ സ്റ്റേയൊന്നുമില്ല. പക്ഷേ 13 വര്‍ഷം കഴിഞ്ഞിട്ടും തുക തിരിച്ചുപിടിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നു. കൊച്ചിയിലെ ബിനാനി സിങ്ക് 11 കോടിയിലധികം രൂപയാണ് കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ളത്. ഈ തുകയ്ക്കു സ്റ്റേ ഇല്ല. എന്നാല്‍ പണം വാങ്ങിയെടുക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാതെ ബോര്‍ഡ് ഹിയറിംഗിന് പോസ്റ്റ് ചെയ്തിരിക്കുന്നു. അവര്‍ക്ക് കൂടുതല്‍ സമയം നല്‍കുക മാത്രമാണ് ബോര്‍ഡിന്റെ ലക്ഷ്യം. സുപ്രീം സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് നല്‍കാനുള്ള 14,79,256രൂപയ്ക്കും എക്സല്‍ ഗ്ലാസ് നല്‍കാനുള്ള 5,70,80,307 രൂപയ്ക്കും ഭഗവതി ടെക്സ്റ്റെയില്‍സ് നല്‍കാനുള്ള 67,59,296 രൂപയ്ക്കും സൂര്യനെല്ലി ടീ എസ്റ്റേറ്റ് നല്‍കാനുള്ള 19,15,033 രൂപയ്ക്കും യാതൊരു വിധ സ്റ്റേയുമില്ലെങ്കിലും ഇതൊന്നും വാങ്ങിയെടുക്കാനുള്ള കര്‍ശന നടപടികള്‍ ബോര്‍ഡ് സ്വീകരിക്കുന്നില്ല. സുന്ദര്‍വേല്‍ രാജ് കെമിക്കല്‍സ്(77,26,600 രൂപ), സുപ്രീം സ്റ്റീല്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍, രാജ് ഫ്യൂഷന്‍ (9,58,54,727 രൂപ) തുടങ്ങിയവരുടെ കുടിശ്ശികയ്ക്കും കോടതി സ്റ്റേ ഇല്ല. ഇതും വാങ്ങിയെടുക്കാന്‍ കെ.എസ്.ഇ.ബി ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കമ്പനികള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയാല്‍ അതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വലിയ അനാസ്ഥയാണ് ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ അലുമിനീയം നിര്‍മ്മാണ കമ്പനിയായ ഹിന്‍ഡാല്‍ക്കോ, ടോമിന് തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാന്‍ സ്റ്റുഡിയോ എന്നിവയും കുടിശ്ശികയായി കോടികള്‍ നല്കാനുള്ളവരുടെ പട്ടികയിലുണ്ട്. ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഈ പട്ടികയും പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ഗാര്‍ഹിക ഉപഭോക്താക്കളുടേതടക്കം വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധന വരുത്താന്‍ ബോര്‍ഡ് ശ്രമം നടത്തിവരികയാണ്. വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് കിട്ടാനുള്ള പണം പിരിച്ചെടുത്താല്‍ തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: