ദമാസ്ക്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 53 പേര് കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിറിയയില്‍ അധികാരത്തിലിരിക്കുന്ന ബാത്ത് പാ ര്‍ട്ടിയുടെ മുഖ്യകാര്യാലയത്തിന് സമീപത്തായാണ് സ്ഫോടനം നടന്നത്. ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ എംബസിക്കും ബാത്ത് പാര്‍ട്ടിയുടെ ഓഫീസിനും ഇടയിലുള്ള ചെക്ക് പോയിന്റിലാണ് കാര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വന്‍സ്ഫോടനമാണ് നടന്നതെന്നും റോഡിലൂടെ നടന്നുവരികയായിരുന്ന ഒരു പെണ്‍കുട്ടി കാറില്‍ നിന്നുള്ള ഗ്ലാസ് തറഞ്ഞുകയറി മരിക്കുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സ്ഫോടനം നടന്നതിന് സമീപത്തായി സ്കൂളുണ്ടായിരുന്നതിനാല് സ്കൂള്‍ കുട്ടികളും അപകടത്തില്‍പ്പെട്ടതായി കരുതുന്നു. കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ നഗരത്തില്‍ മറ്റ് രണ്ടിടങ്ങളിലും ചെറു സ്ഫോടനങ്ങള്‍ നടന്നു. സിറിയയിലെ ആഭ്യന്തരകലാപം അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കാന്‍ അറബ് ലീഗ് പ്രതിനിധികള്‍ക്കൊപ്പം ഭരണകൂട-പ്രതിപക്ഷവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം. ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാനാണ് അറബ് ലീഗിന്റെയും ശ്രമം. പ്രസിഡന്റ് ബാഷര്‍ അല്‍- അസദിനെതിരെ സിറിയയില്‍ തുടരുന്ന ആഭ്യന്തരകലാപത്തില്‍ ഇതുവരെ എഴുപതിനായിരത്തോളം പേര് മരിച്ചതായാണ് ഐക്യരാഷട്രസഭയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: