ന്യൂദല്‍ഹി : ഹെലികോപ്ടര്‍ ഇടപാടിലെ കോഴയെക്കുറിച്ചുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിപ്രഖ്യാപിച്ച സിബിഐ അന്വേഷണം പ്രഹസനമാകുന്നു. താന്‍ പരിശുദ്ധന് എന്നുവരുത്താനുള്ള ആന്റണിയുടെ ആവേശം മാത്രമായിരുന്നു അന്വേഷണ പ്രഖ്യാപനം എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പതിരോധ കേസ്സുകളിലെ സിബിഐയുടെ അന്വേഷണ ചരിത്രവും ഇത് ശരിവെക്കുന്നു.അന്വേഷണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്നുതന്നെ സിബിഐ സംഘം ഇറ്റലിക്കുപോകും എന്നായിരുന്നു പറഞ്ഞിരുന്നത്. സിബിഐയിലെ ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥനും ലാ ഓഫീസറും പ്രതിരോധ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പോകുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഇറ്റലിക്ക് പോയില്ലന്ന് മാത്രമല്ല ഇതുസംബന്ധിച്ച് ഒരു കേസുപോലും സിബിഐ രജിസ്റ്റര്‍ ചെയ്തുമില്ല. കോഴയെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമായിരുന്നു ചെയ്തതെന്നും ചില പത്രകട്ടിംഗുകള്‍ വെച്ച് കേസ് രജിസ്റ്റര്‍ ചെയ്യുക സാധ്യമല്ലെന്നുമാണ് സിബിഐ പറയുന്നത്. പ്രതിരോധ മന്ത്രാലയം പത്രകട്ടിംഗുകള്‍ അല്ലാതെ കൈയ്യിലുള്ള രേഖകളൊന്നും കൈമാറിയിട്ടില്ലെന്ന കുറ്റപ്പെടുത്തലും ഇതിലുണ്ട്.
സര്‍ക്കാരോ കോടതിയോ പറഞ്ഞാല്‍ സ്വയം കേസ്സെടുക്കുന്ന സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തെളിവില്ലെന്നു പറയുന്നതില്‍ ദുരൂഹതയുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രിയോട് ആലോചിക്കാതെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍.പ്രധാനമന്ത്രിയുടെ കീഴിലാണ് സിബിഐ. ആന്റണി അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇറ്റലിയില്‍നിന്ന് ലഭ്യമാക്കുകയും പോകാനുള്ള സംഘത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പിന്നീടാണ് യാത്ര മുടങ്ങിയതും തടസ്സവാദങ്ങള്‍ ഉണ്ടായതും.
ഇനി സിബിഐ ഫലപ്രദമായി അന്വേഷിച്ചാലും പ്രതീക്ഷവേണ്ടന്നതാണ് യാഥാര്‍ഥ്യം.പ്രതിരോധ ഇടപാടുകളിലെ കോഴയെക്കുറിച്ച് സിബിഐ നടത്തിയ അന്വേഷണത്തിന്റെ ചരിത്രം അതാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ സിബിഐ അന്വേഷിച്ചത് 58 പ്രതിരോധ ഇടപാടുകളാണ്. ഒന്നില്‍പ്പോലും ഒരാളെപ്പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. 2004 നു ശേഷം മാത്രം 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാന്‍പോലും സിബിഐക്ക് കഴിഞ്ഞിട്ടില്ല.
ഏറെ വിവാദമുണ്ടായ ബോഫോഴ്സ് കേസില്‍ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് സത്യം.ബോഫോഴ്സ് കേസ് വര്‍ഷങ്ങളോളം അന്വേഷിച്ചു. രാഷ്ട്രീയ രംഗത്ത് കോളിളക്കം ഉണ്ടാക്കിയ ഈ ഇടപാടില്‍ പണം കൈമാറിയെന്നും നിക്ഷേപിച്ചെന്നും കണ്ടെത്തിയിട്ടും പ്രതികളാരും ശിക്ഷിക്കപ്പെട്ടില്ല.
ജര്‍മ്മനിയില്‍ നിന്ന് മുങ്ങിക്കപ്പലുകള്‍ വാങ്ങിയത് ഏഴ് ശതമാനം കമ്മിഷന് കൈപ്പറ്റിയാണെന്ന് തെളിഞ്ഞ എച്ച്ഡിഡബ്ലിയു കേസ്, ഇസ്രയേലില്‍ നിന്ന് മിസെയിലുകള്‍ വാങ്ങിയതില്‍ അഴിമതിയാരോപണം ഉയര്‍ന്ന മബറാക് മിസെയില്‍ കേസ്, ഇസ്രയേലില്‍ നിന്ന് പീരങ്കികള്‍ വാങ്ങിയപ്പോള്‍ കോഴ കൈപ്പറ്റിയെന്ന ആരോപണമുണ്ടായ സോള്ട്ടാം പീരങ്കി കേസ് ഇവയൊന്നും തെളിയിക്കാനോ കുറ്റപത്രം സമര്‍പ്പിക്കാനോ സിബിഐക്ക് കഴിഞ്ഞിട്ടില്ല.
കോടികളുടെ കണക്ക് പുറത്തുവരുമ്പോഴുണ്ടാകുന്ന വിവാദവും കോലാഹലവും തണുക്കുന്നതോടെ കേസും ഇല്ലാതാകുന്നു.
പ്രതിരോധ ഇടപാടുകളിലെ അന്വേഷണം നിലയ്ക്കുകയോ നിഷ്ഫലമാവുകയോ ചെയ്യുന്നതിന് കാരണം സിബിഐ ഉദ്യോഗസ്ഥരുടെ കഴിവുകേടിനാക്കാള് രാഷ്ട്രീയ ഇടപെടലാണെന്ന് ബോഫോഴ്സ് കേസ് വ്യക്തമാക്കിയതാണ്.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്വീഡനില്‍നിന്ന് ലഭ്യമാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.ഈ ആവശ്യം നരസിംഹറാവുവിന്റെ കാലത്താ വിദേശകാര്യമന്ത്രിയായിരുന്ന മാധവ് സിംഗ് സോളങ്കി ഔദോഗികമായി അറിയിച്ചു. ഇതേ സോളങ്കി തന്നെ ഡാവോസ് സാമ്പത്തിക ഉച്ചകോടിക്കിടെ സ്വീഡിഷ് വിദേശകാര്യമന്ത്രി റെന്‍ ഫെല്ലറുമായി രഹസ്യചര്‍ച്ച നടത്തി ബോഫോഴ്സ് കേസ് അട്ടിമറിച്ചത് പിന്നീട് പരസ്യമായിരുന്നു. ബോഫോഴ്സ് കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വരുംവരെ ഇന്ത്യന്‍ കോടതി തേടിയ രേഖകളോന്നും നല്കരുതൊന്നാവശ്യപ്പെടുന്ന കത്താണ് സോളങ്കി അന്ന് ഫെല്ലര്‍ക്ക് കൈമാറിയത്.
കേസിലെ മുഖ്യപ്രതി ഒട്ടാവിയോ ക്വട്രോച്ചി 2007 ഫെബ്രുവരിയില്‍ അര്‍ജന്റീനയില്‍ അറസ്റ്റിലായപ്പോള്‍ ഒന്നും ചെയ്യാന്‍ സിബിഐക്ക് കഴിയാതിരുന്നതും രാഷ്ട്രീയ ഇടപെടല്കൊണ്ട്തന്നെയായിരുന്നു.
ഹെലികോപ്ടര്‍ ഇടപാടിലെ കോഴ അന്വഷണത്തിനും ഇതിലപ്പുറം ഒരു വിധി ഉണ്ടാകില്ല. ഇതറിഞ്ഞുതന്നെയാകും സൂത്രശാലിയായ എ.കെ. ആന്റണി എടുത്തുചാടി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: