വര്‍ഷമെത്ര കഴിഞ്ഞാലും സത്യവും വസ്തുതകളും പുറത്തുവരികതന്നെ ചെയ്യും എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് ഈ കേസുകളുടെ കാര്യത്തില്‍. പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് സമൂഹ മനസാക്ഷിയുടെ പ്രതിക്കൂട്ടില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ല എന്ന സന്ദേശമാണ് അടുത്തകാലത്ത് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും നിര്‍ലജ്ജം പ്രതികളെ സംരക്ഷിക്കാന്‍ ചില നേതാക്കളും ഭരണാധികാരികളും നടത്തുന്ന സര്‍ക്കസ് കാണുമ്പോള്‍ കേരളം മൂക്കത്ത് വിരല്‍ വെക്കുന്നു. ജനങ്ങളുടെ സാമാന്യ ബോധത്തെപ്പോലും പരിഹസിക്കുംവിധമാണ് ഇവരുടെ നിലപാടുകള്‍.
സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യനെതിരെ ഒരു തരത്തിലുള്ള പുനരന്വേഷണവും നടക്കില്ലെന്ന് മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചുപറയുമ്പോള്‍ നാണം കെടുന്നത് കേരളത്തിന്റെ ജനാധിപത്യബോധമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആയ ടി. ആസിഫ് അലിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാമൂലം ഇനി അന്വേഷണം ഇല്ല എന്ന കാര്യം കേരള നിയമസഭയെ അറിയിച്ചത്. അതാതുകാലത്ത് ഭരിക്കുന്ന സര്‍ക്കാരുകളുടെ നോമിനികളാണ് ഡിജിപിയും അഡ്വക്കറ്റ് ജനറലും എന്ന് എല്ലാവര്ക്കും അറിയാം. സര്‍ക്കാരിന്റെ താല്പര്യത്തിന് അനുസൃതമായി നില്ക്കുക എന്നതാണ് ഇവരുടെ ചുമതലകളില്‍ ഒന്ന്. നിയമോപദേശം ലഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പി.ജെ. കുര്യനെതിരെ അന്വേഷണം ഇല്ല എന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം വേണമെന്ന് സര്‍ക്കാരിന്റെ നോമിനിയായ ഒരു അഭിഭാഷകന് എങ്ങനെ തീരുമാനിക്കും. കുര്യനെതിരെ തെളിവില്ലെന്നും സുപ്രീംകോടതി കുര്യനെ കുറ്റവിമുക്തനാക്കിയെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് ശുദ്ധകളവാണ്. കേസിന്റെ നടപടി ക്രമങ്ങളില്‍ ഒരിക്കല്‍പോലും നീതിന്യായ വ്യവസ്ഥക്കുമുന്നില്‍ കുര്യന് ഹാജരാക്കപ്പെടുകയോ ഇയാള്‍ക്കെതിരായ തെളിവുകള്‍ ഏതെങ്കിലും കോടതി പരിശോധിക്കുകയോ കുര്യന് നിരപരാധിയാണെന്ന് വിധിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് പതിനേഴ് വര്‍ഷമായി കുര്യനെതിരെ മൊഴി നല്കിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ വാക്കുകളെ അവഗണിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തത്. കുര്യന് അനുകൂലമായി ചിലരെ കൊണ്ട് കള്ള മൊഴികള്‍ നല്‍കാനും കുര്യനെതിരെ മൊഴി നല്‍കിയവരുടെ വാക്കുകള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാനും അന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഒരു പോലെ ഒത്താശ ചെയ്യുകയായിരുന്നു. ഈ മൊഴികളില്‍ തന്നെ ഉള്ള വൈരുദ്ധ്യങ്ങള്മതി കുര്യന് പറയുന്നത് കളവാണെന്ന് മനസിലാക്കാന്‍. പീഡനം നടന്നതായി പറയുന്ന ദിവസം രാത്രി എട്ടുമണിവരെ താന്‍ ഇടിക്കുള എന്നയാളുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് കുര്യന് അവകാശപ്പെടുന്നു. ഏഴുമണിക്ക് കുര്യന് ചെങ്ങനാശേരിയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയതായി ജി. സുകുമാരന്‍ നായര്‍ മൊഴി നല്കിയിരിക്കുന്നു. കുര്യന് അഞ്ചുമണിയോടെ തങ്ങളുടെ വീട്ടില്‍ നിന്ന് മടങ്ങിയതായി ഇടിക്കുളയുടെ ഭാര്യ അന്നമ്മ വെളിപ്പെടുത്തുന്നു. പിഡനം നടന്ന കുമളി ഗസ്റ്റ് ഹൗസിനുമുന്നില്‍ കാറിലെത്തിയ കുര്യനെ കണ്ടതായി രണ്ടു സാക്ഷികള്‍ മൊഴി നല്കിയിരിക്കുന്നു. കുര്യനെ പെണ്‍കുട്ടിയുടെ അടുത്തെത്തിച്ചത് താനാണെന്ന് കേസിലെ പ്രധാന പ്രതിയും പെണ്‍കുട്ടിയെ പലര്‍ക്കും കൂട്ടിക്കൊടുത്ത ആളുമായ ധര്മ്മരാജന് വെളിപ്പെടുത്തിയിരിക്കുന്നു. ഇടിക്കുളയുടെ വീട്ടില്‍ കുര്യനെ കണ്ടത് അഞ്ചുമണിക്കാണെന്ന് താന്‍ പറഞ്ഞിട്ടും അത് ഏഴുമണി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്കിയ സിബിമാത്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി നേതാവായ കെ.എസ്. രാജന് പറയുന്നു.
ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ സത്യം എല്ലാവര്ക്കും മനസിലാകും; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കെ പി സി സി പ്രസിഡന്റിനും ഒഴികെ. അതേസമയം കുര്യനെതിരായ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് സിപിഎം പിന്നോട്ടുപോകുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ഡിജിപിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ അന്വേഷണം ഇല്ല എന്ന് ആഭ്യന്തരമന്ത്രി സഭയില്‍ വെളിപ്പെടുത്തിയ ദിവസം പ്രതിപക്ഷം വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന നേതൃത്വത്തിന് കുര്യനെതിരായ തുടരന്വേഷണത്തില്‍ താല്പര്യമില്ല എന്നതിന്റെ സൂചനയാണിത്. ആ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ശക്തമായി ഇടപെട്ടെങ്കില് മാത്രമെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് കുര്യനെതിരായി കാര്യമായി എന്തെങ്കിലും പ്രതിഷേധ സ്വരങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടതുള്ളു.
നീതിന്യായ വ്യവസ്ഥയുടെ അപ്പോസ്തലന്മാര് എന്ന് അറിയപ്പെടുന്ന ന്യായാധിപന്മാര്ക്ക് ആകമാനം അപമാനമായി ഈ കേസില്‍ ജസ്റ്റിസ് ബസന്തിന്റെ വെളിപ്പെടുത്തല്‍. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യ ആയിരുന്നുവെന്നും വേശ്യാവൃത്തിക്ക് ആ പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അതുകൊണ്ട് അവളെ ലൈംഗികമായി പീഡിപ്പിച്ചവര്‍ തെറ്റുകാരല്ലെന്നും ഉള്ള ബസന്തിന്റെ നിലപാടുകള്‍ അദ്ദേഹത്തെ പരിഹാസപാത്രമാക്കുകയാണ്. പതിനാറ് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെയാണെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന് തുല്യമായ കുറ്റമാണ്. ഇക്കാര്യങ്ങള്‍ അറിയാതെയല്ല ബസന്ത് ഇങ്ങിനെ പറഞ്ഞത്. വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇത്തരം കോമാളിത്തരങ്ങള്‍ക്ക് പിന്നിലെന്ന് ആര്‍ക്കാണ് അറിയാത്തത്. കോണ്‍ഗ്രസ് – സിപിഎം – മുസ്ലീം ലീഗ് നേതൃത്വത്തിലെ വിരലിലെണ്ണാവുന്ന ചിലര്‍ക്കൊഴിച്ച് കേരള ജനതക്കാകമാനം ആഗ്രഹമുണ്ട് സൂര്യനെല്ലി – ഐസ്ക്രീം പാര്‍ലര്‍ – കിളിരൂര്‍ – കവിയൂര്‍ കേസുകളില്‍ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നില്‍ എത്തണമെന്നും ശിക്ഷിക്കപ്പെടണമെന്നും. എന്നാല്‍ കേരളത്തിന്റെ ഇതുവരെയുള്ള അനുഭവം ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതിന്റെയാണ്.
** ടി.എസ്. നീലാംബരന്‍
നാളെ: അവിശുദ്ധ രാഷ്ട്രീയത്തിന്റെ അരങ്ങും അണിയറയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: