ന്യൂദല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ പ്രതിരോധവകുപ്പിനുള്ള 14,000 കോടി രൂപ ധനമന്ത്രി ചിദംബരം വെട്ടിക്കുറച്ചതായി വകുപ്പുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് മൂന്നു സേനാവിഭാഗങ്ങളുടെ പല പദ്ധതികളും അട്ടിമറിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സാമ്പത്തികവര്‍ഷാരംഭത്തില്‍ പ്രതിരോധ ബജറ്റ് 193,000 കോടി രൂപയാക്കി നിശ്ചയിച്ചിരുന്നു. ഇതില്‍ 126,000 കോടിരൂപ റവന്യൂചെലവായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ നിന്നുമാണ് ശമ്പളം, പെന്ഷന്, യുദ്ധോപകരണങ്ങളുടെയും വെടിക്കോപ്പുകളുടെയും അറ്റകുറ്റപ്പണികള്‍ എന്നിവ നടത്തേണ്ടിയിരുന്നത്. ബാക്കി വരുന്ന 67,000 കോടി കൊണ്ടാണ് പുതിയ സാധനങ്ങള്‍ വാങ്ങേണ്ടിയിരുന്നത്.
റവന്യൂ ബജറ്റില്‍ 6,000 കോടി കുറവുവരുത്തി. അതുപോലെ സാധനങ്ങള്‍ വാങ്ങാനുള്ളതില് നിന്നും ഏകദേശം 8,000 കോടിരൂപയുടെ കുറവാണ് വരുത്തിയത്. ഈ നടപടിമൂലം മൂന്നു സേനാവിഭാഗങ്ങളുടെയും പല പദ്ധതികളും അവതാളത്തിലാകുമെന്ന് പ്രതിരോധവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏറ്റവും വലിയ തകര്‍ച്ച നേരിടാന്‍ പോകുന്നത് ഇന്ത്യന്‍ നേവിയാണ്. പുതിയ മുങ്ങിക്കപ്പലുകള്‍ വാങ്ങാനുള്ള നീക്കത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്. പുതിയ തലമുറയില്‍പ്പെട്ട ബരാക് മിസെയിലുകള്‍ ഘടിപ്പിച്ച പുതിയ കപ്പലുകള്‍ വാങ്ങുന്ന കാര്യവും അടുത്തവര്‍ഷത്തേക്ക് മാറ്റിവയ്ക്കേണ്ടി വരും.
മൂന്നു വിഭാഗങ്ങളിലും വച്ച് വലുപ്പമുള്ള കരസേനയ്ക്കും ഈ വെട്ടിക്കുറയ്ക്കല്‍ തിരിച്ചടിയായിട്ടുണ്ട്. ആര്‍മിക്ക് വെടിക്കോപ്പുകളുടെയും ആധുനിക യുദ്ധോപകരണങ്ങളുടെയും കുറവുണ്ടെന്ന് നേരത്തെ മുന്‍ സേനാത്തലവന് ജനറല്‍ വി.കെ.സിംഗ് പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിന് കത്തയച്ചത് വന്‍വിവാദത്തിനിടയാക്കിയിരുന്നു. അമേരിക്കയിലോ റഷ്യയിലോ ഉപയോഗിക്കുന്നതരം മിസെയില്വേധ ടാങ്കുകള്‍ വാങ്ങാനുള്ള കരസേനയുടെ നീക്കവും വൈകുമെന്നുറപ്പായി. ഇപ്പോഴുള്ള ടാങ്കുകളില്‍ 40 ശതമാനത്തിനു മാത്രമേ രാത്രി നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളൂ. നിലവില്‍ ഇന്ത്യന്‍ സേനയുടെ കൈവശമിരിക്കുന്ന ടാങ്കുകള്‍ കാലപ്പഴക്കം ചെന്നവയാണെന്നും ആരോപണമുണ്ട്.
പഴയ കരുത്തില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സേനയെന്ന ആരോപണത്തെ മറികടക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും പ്രതിരോധവകുപ്പിന്റെയും നീക്കങ്ങള്‍ ഇതിലൂടെ പരാജയപ്പെട്ടിരിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ നൂറായിരം കോടി ഡോളറിന്റെ യുദ്ധോപകരണങ്ങള്‍ വാങ്ങി സേനയെ നവീകരിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഇതോടെ കടലാസിലൊതുങ്ങുമെന്ന് വ്യക്തമായി.
രാഷ്ട്ര സുരക്ഷ മുന്‍നിര്‍ത്തി ക്യാബിനറ്റ് കമ്മറ്റി നിര്‍ദേശിച്ച മൗണ്ടന്‍ സ്ട്രൈക്ക് കോര്‍പ്പ്സിന്റെ രൂപീകരണത്തിന് സര്‍ക്കാര്‍ തീരുമാനം കനത്ത മുറിവേല്‍പ്പിക്കുമെന്ന് തീര്‍ച്ചയാണ്.
ഹിമാലയന്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന ചൈനീസ് വെല്ലുവിളി തിരിച്ചറിഞ്ഞിട്ടാണ് 65,000 കോടി ചെലവഴിച്ച് ഈ വിഭാഗം സേനയ്ക്കുള്ളില്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ധനമന്ത്രാലയത്തിന് ഇക്കാര്യത്തില്‍ പണം ചെലവഴിക്കാന്‍ മടിയുണ്ടെന്നും വ്യക്തമായി.
ആറുവര്‍ഷമായി പ്രതിരോധമന്ത്രിയായി തുടരുന്ന എ.കെ.ആന്റണി വകുപ്പില്‍ അല്‍പ്പം പോലും അഴിമതി നടക്കരുതെന്ന് ഉറച്ചവാശിയുള്ള ആളാണ്.
അതിനാല്‍ സേനയുടെ അടിസ്ഥാന ആവശ്യങ്ങളും മറ്റുപല പദ്ധതികളും അദ്ദേഹം വൈകിപ്പിച്ചതായി മുതിര്‍ന്ന ഓഫീസര്‍ സൂചിപ്പിച്ചു. ആന്റണിയുടെ തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തില്‍ പലേ ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. ഭാവിയില്‍ അതിന്റെ ദോഷങ്ങള്‍ പ്രതിഫലിക്കുമെന്നും തീര്‍ച്ചയാണ്.
സേനകള്ക്കുള്ളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
എന്നാല്‍ അധികാരത്തിന്റെ ഇടനാഴിയില്‍ അവരുടെ ശബ്ദം ആരും കേള്‍ക്കില്ല. അതിനാല്‍ത്തന്നെ ഇതെല്ലാം ഇന്ത്യന്‍ സേന നിശ്ശബ്ദം സഹിക്കുമെന്നും തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: