ന്യൂദല്‍ഹി: പാര്‍ലമെന്റ് സുരക്ഷക്കായി നിയോഗിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷ്യല്‍ കമാന്‍ഡോകളുടെ സേവനം നടപ്പാക്കുന്നത് അനിശ്ചിതത്വത്തില്‍. സിആര്‍പിഎഫില്‍ നിന്ന് പ്രത്യേകപരിശീലനം നല്കി തെരഞ്ഞെടുത്ത സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പിന്റെ (പിഡിജി) യുടെ നിയമനമാണ് വൈകുന്നത്. സാമ്പത്തിക പ്രശ്നങ്ങളും സൈനിക സജ്ജീകരണത്തിന്റെ കാലതാമസവുമാണ് പിഡിജിയെ പാര്‍ലമെന്റ് സുരക്ഷക്ക് നിയോഗിക്കുന്നതിന് തടസമാകുന്നത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സ്പെഷ്യല്‍ കമാന്‍ഡോകളെ ഉള്‍പ്പെടുത്തി പിഡിജി രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതിനായി അനുമതിയും നല്‍കിയിരുന്നു. പ്രധാനപാര്ലമെന്റ് മന്ദിരവും റിസപ്ഷന് ഓഫീസും ലൈബ്രറി ബില്‍ഡിങ്ങും പാര്‍ലമെന്റ് ഹൗസ് അനക്സും ചേര്‍ന്ന പാര്‍ലമെന്റ് സമുച്ചയത്തിന്റെ സുരക്ഷയാണ് പിഡിജിക്ക് കൈമാറാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതിനായുള്ള സാമ്പത്തികസഹായത്തിനും മനുഷ്യശേഷിയ്ക്കുമായുള്ള അനുമതി കേന്ദ്ര ആഭ്യന്തര-ധനമന്ത്രാലയങ്ങളില് നിന്ന് ഇനിയും ലഭ്യമായിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ സിആര്‍പിഎഫിനും ദല്‍ഹി പോലീസിനുമാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാചുമതല. കമാന്‍ഡോ പരീശിലനത്തിന് പുറമേ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനും പ്രത്യേകപരിശീലനം 1540 പേരടങ്ങുന്ന പിഡിജിക്ക് ലഭ്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . ഡയറക്ടര്‍ ജനറല്‍ ഓഫ് സിആര്‍പിഎഫിന്റെ ചുമതലയില്‍പ്പെടുന്ന പിഡിജി പാര്‍ലമെന്റ് ഹൗസിലെ സെക്യൂരിറ്റി വിഭാഗം ഓപ്പറേഷണല്‍ കമാന്‍ഡോ അഡീഷണല്‍ സെക്രട്ടറിയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിലെ അടിയന്തരഘട്ടങ്ങളില്‍ പിഡിജി മറ്റ് കമാന്‍ഡോകളുമായി യോജിച്ച് പ്രവര്‍ത്തിക്കും. ഗ്ലോക് പിസ്റ്റല്‍, സ്നിപ്പര്‍ റൈഫിള്‍സ് പോലുള്ള ആധുനിക ആയുധങ്ങളും പാര്‍ലമെന്റ് സമുച്ചയത്തില്‍ സഞ്ചരിക്കുന്നതിന് ആവശ്യമായ വാഹനങ്ങളും പിഡിജിക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് പാര്‍ലമെന്റ് സുരക്ഷാചുമതലയുള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. സിആര്‍പിഎഫിലെ രണ്ട് ബാച്ചുകള്‍ക്കാണ് പിഡിജി നിയമനത്തിനായി പരിശീലനം നല്‍കിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഇസ്രായേല്‍ നിര്‍മ്മിത തോക്കുകളും ഇവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. പാര്‍ലമെന്റ് സമുച്ചയത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷാചുമതലയുള്ള ദല്‍ഹി പോലീസുമായും സെന്‍ട്രല്‍ റിസര്‍വ് പോലീസുമായും സഹകരിച്ചായിരിക്കും പിഡിജിയുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: