കൊച്ചി: താരരാജാക്കന്മാരുടെ ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ റിനോസിന് അട്ടിമറി തോല്‍വി. മൂന്നാം സീസണ് സിസിഎല്ലിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പുതുമുഖങ്ങളായ ഭോജ്പുരി ദബാങ്ങ് നിലവിലെ ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. രണ്ട് പന്ത് ബാക്കിനില്‍ക്കേ 190 റണ്‍സെടുത്താണ് ചെന്നൈ ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയലക്ഷ്യം ഭോജ്പുരി താരങ്ങള്‍ മറികടന്നത്. വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ആദിത്യ ഓജയാണ് തോല്‍വിയില്‍ നിന്ന് സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിച്ച് ചരിത്രം കുറിച്ചത്. ഓജ 38 പന്തുകളില്‍ നിന്ന് 86 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 29 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്ത ഉദയ് തിവാരി ഓജക്ക് മികച്ച പിന്തുണ നല്കി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 46 പന്തുകളില്‍ നിന്ന് പുറത്താകാതെ 96 റണ്‍സെടുത്ത വിഷ്ണുവിന്റെ തട്ടുപൊളപ്പന്‍ ഇന്നിംഗ്സാണ് ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്. വിഷ്ണുവിന് പുറമെ ചെന്നൈയുടെ വൈസ് ക്യാപ്റ്റന്‍ വിക്രാന്ത് 40 റണ്‍സും നേടി.
നേരത്തെ ടോസ് നേടിയ ചെന്നൈ റൈനോസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്രാന്തും അബ്ബാസ് അബ്ദുള്ളയും ചേര്‍ന്നാണ് ഇന്നിംഗ്സ് ആരംഭിച്ചത്. നേരിട്ട രണ്ടാം പന്ത് തന്നെ അതിര്‍ത്തിവര കടത്തി കഴിഞ്ഞ രണ്ട് സീസണിലും ചെന്നൈക്ക് വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ വിക്രാന്ത് തുടക്കത്തിലേ നയം വ്യക്തമാക്കി. പ്രൊഫഷണല്‍ താരങ്ങളുടെ അതേമികവോടെ വിക്രാന്ത് ആഞ്ഞടിച്ചപ്പോള്‍ ചെന്നൈ സ്കോറും കുത്തനെ കയറി. വിക്രാന്തിനൊപ്പം അബ്ദുള്ളയും കരുത്തുകാണിച്ചുതുടങ്ങിയതോടെ ചെന്നൈയുടെ സ്കോര്‍ 7.2 ഓവറില്‍ 50 പിന്നിട്ടു.
ഇതേ ഓവറിന്റെ അവസാന പന്തില്‍ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 22 പന്തുകളില്‍ 19 റണ്‍സ് എടുത്ത അബ്ദുള്ളയെ അയാസ്ഖാന് അജോയ് ശര്‍മയുടെ കൈയിലെത്തിച്ചു. ഏറെ വൈകാതെ വിക്രാന്തും മടങ്ങി. 40 റണ്‍സെടുത്ത വിക്രാന്തിനെ പ്രകാശ് ജെയ്ഷ് വിക്കറ്റ് കീപ്പര്‍ അജോയ് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ വിഷ്ണു തുടക്കം മുതല്‍ തന്നെ കത്തിക്കയറി. ഭോജ്പൂരി ബൗളര്‍മാരെ നാലുപാടും പായിച്ച വിഷ്ണുവിന്റെ കരുത്തില്‍ 13-ാം ഓവറിന്റെ അവസാന പന്തില്‍ ചെന്നൈ സ്കോര്‍ 100 പിന്നിട്ടു. ഏറെ വൈകാതെ വിഷ്ണു അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി. 33 പന്തുകളില്‍ നിന്നാണ് വിഷ്ണു 50 കടന്നത്. 18-ാം ഓവറില്‍ ചെന്നൈ സ്കോര്‍ 150-ലെത്തി. അവസാന ഓവര്‍ എറിഞ്ഞ ദിനേശ് ലാല്‍ യാദവിനെ നാല് തവണയാണ് വിഷ്ണു സിക്സറിന് പറത്തിയത്. ഈ ഓവറില്‍ വിഷ്ണു അടിച്ചുകൂട്ടിയ 30 റണ്‍സാണ് ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 46 പന്തുകളില്‍ നിന്ന് 96 റണ്‍സെടുത്ത വിഷ്ണുവിനൊപ്പം അഞ്ച് റണ്‍സുമായി വിശാലുമായിരുന്നു ക്രീസില്‍.
186 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിസിഎല്ലില്‍ ഇത്തവണ ആദ്യമായി കളിക്കാനിറങ്ങിയ ബോജ്പുരിയുടെ തുടക്കം നിരാശാജനകമായിരുന്നു. മൂന്ന് വിക്കറ്റിന് 39 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ഭോജ്പുരിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആദിത്യ ഓജയും ഉദയ് തിവാരിയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്.
ഇരുവരും തുടക്കത്തില്‍ നിലയുറപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും പിന്നീട് ഓജ അക്ഷരാര്‍ത്ഥത്തില്‍ ക്രീസില്‍ നിറഞ്ഞാടുകയായിരുന്നു. ഓജയുടെ അടികൊണ്ട് വലഞ്ഞ ചെന്നൈ ബൗളര്‍മാര്‍ പുറത്താക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും അവയെല്ലാം വിഫലമായി.
3.4 ഓവറില്‍ 56 റണ്‍സ് വഴങ്ങി ഉദയ്കുമാറും നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ ശാന്തനുവുമാണ് ഓജയുടെ പ്രഹരം മുഴുവന്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഭോജ്പുരിയെ ആദിത്യ ഓജ വിജയത്തിലേക്ക് നയിക്കുമ്പോള്‍ ആറ് പന്തില്‍ നിന്ന് 10 റണ്‍സുമായി ദിനേഷ് ലാല്‍ യാദവായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: