കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും പൊതുവേദിയില്‍ പൊട്ടിത്തറിച്ചു. കൊല്‍ക്കത്ത പുസ്തകോത്സവത്തില്‍, പുസ്തക പ്രകാശന ചടങ്ങിനെത്തിയതായിരുന്നു മമത. അവിടെവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു മമതയുടെ ശകാരവര്‍ഷം.
ബുധനാഴ്ച രാത്രി 7.30 ഓടെ പ്രധാന ഗേറ്റിലൂടെ പുസ്തകോത്സവ വേദിയിലെത്തിയ മമതയ്ക്ക് ജാഗോ ബന്ഗ്ല സ്റ്റാളില്‍ തന്റെ പുസ്തകത്തിന്റേയും ഏതാനും സിഡികളുടേയും പ്രകാശനം നിര്‍വഹിക്കാനുണ്ടായിരുന്നു. ഇവിടെ അരമണിക്കൂറോളം ചെലവഴിച്ച ശേഷം ഗേറ്റ് നമ്പര്‍ 1 ലൂടെയാണ് ഇവര്‍ പുറത്ത് കടന്നത്.
എന്നാല്‍ പെട്ടന്നുള്ള ഈ വഴിമാറ്റത്തെ കുറിച്ച് അറിയാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അതിനാല്‍ തന്നെ വേണ്ട തയ്യാറെടുപ്പുകളും നടത്താന്‍ സാധിച്ചിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമല്ല മമത പുറത്തേക്ക് കടന്നത്. പ്രധാന ഗേറ്റിന് സമീപമാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. അതിനാല്‍ തന്നെ പുറത്തേക്ക് പോകുന്നതും പ്രധാന ഗേറ്റ് വഴിയായിരിക്കുമെന്നാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെന്ന് ഒരു ഉദ്യോഗസ്ഥന് അറിയിച്ചു. ഗതാഗതക്കുരുക്കും ആള്‍ക്കൂട്ടവും കാരണം മമതയുടെ സമീപത്തേക്ക് അവരുടെ വാഹനം എത്തിക്കാന്‍ പ്രയാസപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഗേറ്റ് നമ്പര്‍ 1 ലൂടെ പുറത്ത് കടന്ന മമത തന്റെ കാര്‍ കാണാത്തതിനെ തുടര്‍ന്ന് റോഡിലൂടെ നടക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി സുരക്ഷാ വലയം തീര്‍ക്കുകയും ഗതാഗതം നിയന്ത്രിക്കുകയുമായിരുന്നു. എന്നാല്‍ ജനം സുരക്ഷാ വലയം ഭേദിച്ച് ദീദി ദീദി എന്ന് വിളിച്ചുകൊണ്ട് മമതയുടെ സമീപത്തെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി. രണ്ട് മിനിട്ടുനേരത്തെ നടത്തത്തിന് ശേഷം തിരികെ ഗേറ്റ് നമ്പര്‍ 1 ന് സമീപമെത്തിയ മമത സുരക്ഷാ ഉദ്യോഗസ്ഥരെ രൂക്ഷമായി ശകാരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: