ന്യൂദല്‍ഹി: ആക്രമണങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ആസിഡ് ഉപയോഗിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതി. അക്രമത്തിനിരയാകുന്നവരുടെ ചികിത്സക്കും നഷ്ടപരിഹാരത്തിനുമുള്ള സംവിധാനത്തിന് പുറമേ ആസിഡ് ഉപയോഗത്തിനും നിയന്ത്രണം കൊണ്ടുവരാനാണ് ശ്രമം. ഇതിന് ആറാഴ്ചക്കുള്ളില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
ആസിഡിന്റെ ലഭ്യത നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശം സുപ്രീംകോടതി മുമ്പ് നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ് ആക്രമണം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് അടിയന്തര യോഗത്തിന് ജസ്റ്റിസ് ആര്.എം.ലോധയുടെ മേല്‍നോട്ടത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചത്.
2006 ല്‍ ദല്‍ഹി സ്വദേശിയായ ലക്ഷ്മി എന്ന പെണ്‍കുട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ ഉത്തരവിട്ടത്. അന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരിട്ട ആസിഡ് ആക്രമണത്തില്‍ കൈയും മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും വികൃതമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍, നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാനിയമം ആസിഡ് ആക്രമണത്തില്‍ ഇരയായവര്‍ക്ക് ശരിയായ നീതി നല്കാന് ഉതകുന്നതല്ലെന്നും പുതിയ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കൂട്ടാളികളായ രണ്ടുപേരോടൊപ്പം ദല്‍ഹി തുഗ്ലക് റോഡില്‍ വച്ച് ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: