മാഡ്രിഡ്: സ്പാനിഷ് കിംഗ്സ് കപ്പിന്റെ ആദ്യ പാദ സെമിഫൈനലില്‍ അത്ലറ്റികോ മാഡ്രിഡിന് മികച്ച വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയയെയാണ് അത്ലറ്റികോ മാഡ്രിഡ് കീഴടക്കിയത്. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് സ്പോട്ട്കിക്കില് നിന്നാണ്. അത്ലറ്റികോക്ക് വേണ്ടി ഡീഗോ കോസ്റ്റ രണ്ട് ഗോളുകള്‍ നേടി. സെവിയയുടെ ഗോള്‍ നേടിയത് നെഗ്രഡോയാണ്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് അത്ലറ്റികോ ആദ്യം ലീഡ് നേടിയത്. പെനാല്‍റ്റി ബോക്സിനുള്ളില്‍ വച്ച് സെവിയയുടെ എമിര്‍ സ്പാഹിക്ക് പന്ത് കൈകൊണ്ട് തടുത്തതിന് ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ഡീഗോ കോസ്റ്റ ആദ്യഗോള്‍ നേടിയത്. ഇതിന് എമിര്‍ സ്പാഹിക്കിന് മഞ്ഞകാര്‍ഡ് ലഭിച്ചു. നേരത്തെ 17-ാം മിനിറ്റിലും മഞ്ഞകാര്‍ഡ് കിട്ടിയ എമിര്‍ സ്പാഹിക്കിന് രണ്ടാം മഞ്ഞകാര്‍ഡും ലഭിച്ചതിനെ തുടര്‍ന്ന് മാച്ചിംഗ് ഓര്‍ഡറും ലഭിച്ചു. പിന്നീട് 10 പേരുമായാണ് സെവിയ കളിച്ചത്. എന്നാല്‍ 56-ാം മിനിറ്റില്‍ സെവിയ സമനില പിടിച്ചു. അത്ലറ്റികോയുടെ ഡീഗോ ഗോഡിന്സ് പന്ത് കൈകൊണ്ട് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷത്തിലെത്തിച്ച് നെഗ്രഡോ സെവിയക്ക് സമനില നേടിക്കൊടുത്തു. മനപൂര്‍വമല്ലാത്ത ഈ തെറ്റിന് രണ്ടാം മഞ്ഞകാര്‍ഡ് ലഭിച്ച ഡീഗോക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. പിന്നീട് അത്ലറ്റികോയും 10 പേരുമായാണ് കളിച്ചത്. അതിനുശേഷം 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വീണ്ടും ലക്ഷ്യത്തിലെത്തിച്ച് ഡീഗോ കോസ്റ്റ അത്ലറ്റികോയെ വിജയത്തിലേക്ക് നയിച്ചു. ഫെര്‍ണാണ്ടോ നവാരോ പന്ത് കൈകൊണ്ട് തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ഇതിന് രണ്ടാം മഞ്ഞകാര്‍ഡ് ലഭിച്ച നവാരോക്ക് പുറത്തേക്കുള്ള മാച്ചിംഗ് ഓര്‍ഡറും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: