മുംബൈ: വിവാദങ്ങള്‍ക്കിടെ വിശ്വരൂപത്തിന്റെ ഹിന്ദി പതിപ്പ് പ്രദര്‍ശനം ആരംഭിച്ചു. ചിത്രം കാണുന്നതിലേക്കായി കമല്ഹാസന് മുംബൈയില്‍ എത്തിയിരുന്നു. തന്റെ സിനിമയില്‍ ഒരു സമുദായത്തേയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും കമല്ഹാസന് വ്യക്തമാക്കി. നല്ല മുസ്ലീംങ്ങള്‍ ഇന്ത്യന്‍ മുസ്ലീംങ്ങളാണെന്നും അല്ലാത്തവരാണ് ഭീകരരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീംങ്ങള്‍ തന്നെ ലക്ഷ്യമിടുന്നില്ലെന്നും ഇത് രാഷ്ട്രീയക്കളിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു പ്രശ്നം ഭാവിയില്‍ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമല്‍ പറഞ്ഞു. ഈ പോരാട്ടത്തില്‍ താന്‍ തനിച്ചല്ലെന്നും മുസ്ലീം സമുദായത്തില്‍ നിന്നും സിനിമ ലോകത്തുനിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിശ്വരൂപത്തിന് തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കമല്‍ഹാസന്റെ സഹോദരന് ചന്ദ്രഹാസന്‍ തമിഴ്നാട് ആഭ്യന്തര സെക്രട്ടറി ആര്.രാജഗോപാലുമായി കൂടിക്കാഴ്ച നടത്തി. 24 മുസ്ലീം സംഘടനാ നേതാക്കളും ചന്ദ്രഹാസനൊപ്പം എത്തിയിരുന്നു. ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ എഡിറ്റ് ചെയ്യേണ്ടതുണ്ടെന്ന് മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു. ആ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ഹനീഫ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് ഇരു വിഭാഗവും സമ്മതം അറിയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു.
95 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച വിശ്വരൂപം ജനുവരി 25 ന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ മുസ്ലീം സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: