ബമാക്കോ: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മുസ്ലീം ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് മാലിയിലെ ഇടക്കാല പ്രസിഡന്റ് ദിയോക്കൗണ്ടോ താരോ. മൃദുസമീപനം പുലര്‍ത്തുന്ന വിമതവിഭാഗമായ തരേഗുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെമേല്‍ അവകാശവാദം ഉന്നയിക്കുന്നത് തരേഗ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലീംഭീകരര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യോഗ്യരല്ല. ജനാധിപത്യവ്യവസ്ഥയനുസരിച്ചാണ് പ്രശ്നം പരിഹരിക്കപ്പെടേണ്ടതെന്നും താരോ ചൂണ്ടിക്കാട്ടി. സ്വയംഭരണാവകാശം ഉന്നയിച്ച് വടക്കന്മേഖലയില് പ്രക്ഷോഭം തുടങ്ങിയ വിഭാഗമാണ് തരേഗ്. എന്നാല്‍ പിന്നീട് ഇവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മുസ്ലീംഭീകരസംഘടനകളുമായി ചേരുകയായിരുന്നു. ഇസ്ലാമിക് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ തരേഗ് വിമതരെ തള്ളി തങ്ങളുടെ നിലപാടുമായി മുന്നോട്ട് നീങ്ങുകയായിരുന്നു.
ഇതിനിടെ മുസ്ലീംഭീകരരെ തുരത്തി ഫ്രഞ്ച് സൈന്യം കൂടുതല്‍ പ്രദേശങ്ങളുടെ നിയന്ത്രണമേറ്റെടുത്തു. വിമതരുടെ ശക്തികേന്ദ്രമായ കിടാല്‍ വിമാനത്താവളം സൈന്യം തിരികെ പിടിച്ചു. മാലിയില്‍ തങ്ങള്‍ വിജയത്തിലേക്ക് അടുക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സാ ഒളാന്ദ് അവകാശപ്പെട്ടു. സൈനിക അട്ടിമറിയെത്തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിക്കിടെയായിരുന്നു മുസ്ലീം ഭീകരര്‍ ഉള്‍പ്പെടുന്ന വിമതവിഭാഗം മാലിയുടെ പ്രധാനനഗരങ്ങള്‍ പിടിച്ചെടുത്തത്.
തലസ്ഥാനമായ ബമാക്കോയിലേക്ക് ഭീകരര്‍ നീങ്ങിയതിനെത്തുടര്‍ന്ന് മാലി ഫ്രാന്‍സിന്റെ സഹായം തേടുകയായിരുന്നു. പ്രധാന നഗരങ്ങളുടെ ആധിപത്യം നേടിയ മുസ്ലീം തീവ്രവാദികള്‍ മാലിയുടെ ചരിത്ര സ്മാരകങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നശിപ്പിക്കുന്നത് പതിവാക്കിയിരുന്നു. സംഗീതം, ടെലിവിഷന്‍, കായികവിനോദങ്ങള്‍ എന്നിവക്ക് ഇവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: