കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൂര്യനമസ്കാര പ്രദര്‍ശനം കാണികള്‍ക്ക് നവ്യാനുഭവമായി. രാവിലെ കടുത്ത വെയിലിനെ അവഗണിച്ചാണ് നാലാം ക്ലാസ് മുതല്‍ 11-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ കായികാഭ്യാസപ്രകടനം ഏവരെയും ആകര്‍ഷിച്ചു. അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന പ്രകടനം വീക്ഷിക്കാനും മറ്റും നൂറുകണക്കിനാളുകളാണ് ദര്‍ബാര്‍ ഹാള്മൈതാനിയിലേക്കെത്തിയത്.
ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ എളമക്കര സരസ്വതി വിദ്യാനികേതിനിലെ അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് പ്രദര്‍ശന പരിപാടിയില്‍ പങ്കെടുത്തത്. ജി.സി.ഡി.എ. ചെയര്മാന് എന്‍.വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മനസിന്റെ ഏകാഗ്രമായ യാത്രയ്ക്കായുള്ള ഒരു കര്‍മമാണ് സൂര്യനമസ്കാരം. അത് ഏതെങ്കിലും മതത്തിന്റെയോ മറ്റോ ചടങ്ങല്ലെന്നും മികച്ച കായിക ശേഷി കൈവരിക്കുന്നവര്ക്കേ രാജ്യത്തിനായി പണിയെടുക്കാനാവൂവെന്നും ഉള്ള കാഴ്ചപ്പാടാണ് സ്വാമി പുലര്‍ത്തിയിരുന്നതെന്നും എന്‍.വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാമിയുടെ സന്ദേശം യുവാക്കളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് പറഞ്ഞു. കേവലം 40 വര്‍ഷത്തിനുതാഴെ മാത്രം ജീവിച്ച സ്വാമിയുടെ ദര്‍ശനം യുവാക്കള്‍ പിന്തുടരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച് വിദ്യാര്‍ഥികള്‍ക്കു നല്കുന്ന സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ലഘുപുസ്തകം ജില്ല കളക്ടര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജി.ദേവന് കൈമാറി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ യോഗയെക്കുറിച്ചുള്ള കൈയ്യെഴുത്ത് പുസ്തകം യോഗദര്ശന് യംഗ് ഇന്ത്യ ഫൗണ്ടേഷന് കണ്‍വീനര്‍ സി.ജി. രാജഗോപാലിന് കൈമാറി പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസി.എഡിറ്റര്‍ സി.പി.ഫിറോസ്, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യോൂവല് എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: