കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ എട്ട് പോലീസുകാര്‍ ഉള്‍പ്പടെ പത്തുപേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ തടവുകാരാണ്.
കാണ്ഡഹാര്‍ നഗരത്തിനുവെളിയിലെ ജനവാസ കേന്ദ്രത്തില്‍ ബോംബ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രവിശ്യ സര്‍ക്കാര്‍ വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു. സ്ഥലത്തെത്തി പരിശോധനകള്‍ക്ക് ശേഷം സംശയം തോന്നി കസ്റ്റഡിയിലെടുത്ത മൂന്നുപേരുമായി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബില്‍ കയറി പൊട്ടിച്ചിതറുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു.
അഫ്ഗാനിലുടനീളമായി ഒരുദിവസത്തിനിടെ ഉണ്ടായ നാലു ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ശനിയാഴ്ച പുലര്‍ച്ചെ അഫ്ഗാനിസ്ഥാനിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ കുന്ഡസില് ചാവേര്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയതു 11 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പ്രവിശ്യയിലെ ഭീകരവാദ വിരുദ്ധ സേനാ മേധാവിയും ട്രാഫിക് പോലീസ് തലവനും കൊല്ലപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: