ഇസ്ലാമാബാദ്/ജമ്മു: ഇന്ത്യാ-പാക് ജലവിഭവ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇസ്ലാമാബാദിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്. ചര്‍ച്ച റദ്ദാക്കുവാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യാ പാക് അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ചര്‍ച്ച മാറ്റി വെച്ചിരിക്കുന്നു. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ചര്‍ച്ച റദ്ദാക്കുവാനുള്ള കാരണം വിശദീകരിക്കാനും അവര്‍ തയ്യാറായില്ല. എന്നാല്‍ ഈ മാസം അവസാനം ജലവിഭവ സെക്രട്ടറി ഡി.വി സിംഗ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ചര്‍ച്ച മാറ്റിവെച്ചതെന്ന് ഇന്ത്യ അറിയിച്ചു. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവെച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാ പാക് അതിര്‍ത്തി സംഘര്‍ഷത്തെതുടര്‍ന്ന് മറ്റീവ്ക്കുന്ന രണ്ടാമത്തെ ഉഭയകക്ഷി ബന്ധമാണ് ഇത്.
തുള്‍ബുള്‍ ജലവൈദ്യുതി പദ്ധതി, വൂളാര്ഹ ബാരേജ് പ്രശ്നം എന്നിവയയായിരുന്നു ചര്‍ച്ചാവിഷയം. നേരത്തെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യാ പാക് വാണിജ്യ മന്ത്രിമാരുടെ യോഗം റദ്ദാക്കിയിരുന്നു. പാക് വാണിജ്യ മന്ത്രി മക്ദൂം അമീന് ഫഹിം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ച റദ്ദാക്കിയത്.
അതേസമയം, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബസ് ട്രക്ക് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ പുന:രാരംഭിക്കും. പുഞ്ച് മേഖലയിലെ ബസ് സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും പുനസ്ഥാപിക്കും. അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ അയവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള സ്ഥിരം സര്‍വ്വീസും വ്യാപാരവും പുനരാരംഭിക്കുമെന്ന് പാക് സിവില്‍ അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥന് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അതിര്‍ത്തി ബന്ധത്തെ ശക്തിപ്പെടുത്തുന്നത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ബന്ധമാണ്.
എന്നാല്‍ ജമ്മുകാശ്മീരിലെ പുഞ്ച് ജില്ലയിലെ ചകാന് ദാ ബാഗ് ഗേറ്റ് തുറക്കാന്‍ പാക്കിസ്ഥാന് നിരസിച്ചു. അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണരീതിയില്‍ മുന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞിരുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് പാക് അധിനിവേശ കാശ്മീരില്‍ നൂറുകണക്കിന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഉടന്‍ തന്നെ മടക്കി അയയ്ക്കുമെന്നും പാക് അധികൃതര്‍ പറഞ്ഞു. ഇതിനിടെ അറുപത്തി നാലാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അതിര്‍ത്തിയിലെ പാക് സൈനികര്‍ക്ക് മധുരപലഹാരം നല്‍കുകയും ചെയ്തു. ഒരു മാസം നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്കാണ് ഇപ്പോള്‍ അയവ് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: