ബെയ്ജിംഗ്: ആണവ പരീക്ഷണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഉത്തര കൊറിയയ്ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്ന് ചൈന. ഉത്തര കൊറിയയുമായി ബന്ധം പുലര്‍ത്തുന്ന ഏക സഖ്യരാജ്യമാണ് ചൈന. ഒരു ചൈനീസ് മാധ്യമമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ മുന്‍നിര ഊര്ജ്ജദാതാവും വാണിജ്യ പങ്കാളിയുമാണ് ചൈന. ഉത്തര കൊറിയയ്ക്കുമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്നായാണ് ചൈനയെ വിലയിരുത്തുന്നത്.
വീണ്ടും ആണവ പരീക്ഷണത്തിനാണ് ഉത്തര കൊറിയയുടെ പദ്ധതിയെങ്കില്‍ ധനസഹായം വെട്ടിക്കുറയ്ക്കാന്‍ മടികാണിക്കില്ലെന്ന് കമ്യൂണിസ്റ്റ്കോണ്ഗ്രസും പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗ്ലോബല്‍ ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സുസ്ഥിര ഉപദ്വീപാണ് ചൈന ആഗ്രഹിക്കുന്നതെന്നും അവിടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ലോകത്തിന്റെ അവസാനമല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശ്നങ്ങളെ പ്രായോഗിക ബുദ്ധിയോടെ പരിഹരിക്കുമെന്നും ചൈന പറയുന്നു. കഴിഞ്ഞ മാസം ഉത്തര കൊറിയ നടത്തിയ റോക്കറ്റ് വിക്ഷേപണത്തെ തുടര്‍ന്ന് ഉപരോധം നീട്ടിയിരുന്നു. ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തിനെതിര യുഎന്‍ സുരക്ഷാ സമിതി ഈ ആഴ്ച അവതരിപ്പിച്ച പ്രമേയത്തെ ചൈന പിന്താങ്ങിയിരുന്നു. ഇതിനെതിരെ ഉത്തര കൊറിയ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയതിലുള്ള അതൃപ്തിയും ചൈനയ്ക്കുണ്ടെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത്.
യുഎസും ചൈനയും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമേയം പാസാക്കിയത്. ചൈനയുടെ ഈ തീരുമാനത്തിനെതിരെ കടുത്ത അതൃപ്തി ഉത്തര കൊറിയയ്ക്കുണ്ടെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നാമതും ആണവ പരീക്ഷണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനം വിവിധ ലോകനേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചൈനയുടെ നീക്കം ഉത്തരകൊറിയയുടെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: