കൊച്ചി: ഇന്ത്യന്‍ യുവത്വത്തെ എക്കാലവും പ്രചോദിപ്പിക്കുകയും കര്മോന്മുഖമാക്കുകയും ചെയ്യുന്ന സാന്നിധ്യമാണ് സ്വാമി വിവേകാനന്ദനെന്ന് പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. ഭാരതത്തിന്റെ വേദസംസ്കാര ചൈതന്യം ബഹുജനങ്ങളിലേക്കെത്തിക്കുന്നതില് മറ്റുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ സമകാലിക ജീവിത സന്ദര്‍ഭങ്ങളുമായി ഇടകലര്‍ത്തി സംവേദനം ചെയ്യുന്നതില്‍ സ്വാമിജി വിജയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദീപശിഖ പ്രയാണത്തിന് പറവൂരിലെ അംബേദ്കര്‍ പാര്‍ക്കില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്തിബോധത്തിന്റെ അടിസ്ഥാനത്തില്‍ അറിവിനെയും അനുഭവങ്ങളെയും നിര്‍ധാരണം ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രസക്തി. മനുഷ്യന്റെ കര്‍മമാണ് ആത്മീയതയെന്ന് കണ്ടെത്തി അതിനെ എങ്ങനെ ആത്മീയദൗത്യമാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. സാധാരണ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് പ്രത്യാശ പകരാന്‍ കര്‍മത്തെ ഉപാധിയാക്കുകയും ചെയ്ത മഹാനാണ് വിവേകാനന്ദന്, അദ്ദേഹം പറഞ്ഞു.
പറവൂര്‍ നഗരസഭ ചെയര്‍പഴ്സണ്‍ വത്സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആപ്തലോകാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്. അനില്‍കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം സി.ജി. കമലാകാന്തന്‍, പി.ജി. രാമചന്ദ്രന്, പ്രദീപ് തോപ്പില്‍, അന്‍സ നജീബ്, എസ്. പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃശൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ച ദീപശിഖ പ്രയാണത്തെ കെ.പി. ധനപാലന് എംപി, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂത്തകുന്നത്ത് സ്വീകരിച്ചു. തുടര്‍ന്ന് നൂറോളം ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെ പറവൂര്‍ പട്ടണത്തിലേക്ക് സ്വീകരിച്ചാനയിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി സര്‍വന്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണജ തമ്പി, അമീര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും ദീപശിഖ പ്രയാണത്തെ സ്വീകരിക്കാന്‍ മൂത്തകുന്നത്ത് എത്തിയിരുന്നു.
ദീപശിഖ ഇന്ന് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് ചെറായി ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യും. വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, പള്ളുരുത്തി, രവിപുരം, ബോട്ടുജെട്ടി, കലൂര്‍, ഇടപ്പള്ളി, കളമശ്ശേരി, ആലുവ എന്നിവിടങ്ങളില്‍ സ്വീകരണമേറ്റു വാങ്ങി കലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ സമാപിക്കും. നാളെ രാവിലെ കാലടിയില്‍ നിന്നും തുടങ്ങുന്ന പര്യടനത്തിന് പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തന്‍കുരിശ്, തിരുവാങ്കുളം, തൃപ്പൂണിത്തുറ, വൈറ്റില, മരട്, കുമ്പളംഎന്നിവിടങ്ങളില് സ്വീകരണം നല്‍കും. അരൂരില്‍ നിന്നും ദീപശിഖ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.
വിവേകാനന്ദ ഡോക്യുമെന്ററി പ്രദര്‍ശനം, വിവേകാനന്ദ സാഹിത്യ പ്രചാരണം എന്നിവയോടെയാണ് ദീപശിഖ പ്രയാണം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: