പള്ളുരുത്തി: സിറ്റിസര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ വികലാംഗര്‍ക്കായും, മുതിര്‍ന്ന പൗരന്മാര്, വനിതകള്‍ എന്നിവര്‍ക്കായും സംവരണം ചെയ്ത സീറ്റുകള്‍ അന്യായമായി കയ്യടക്കിയാത്രചെയ്യുന്നവര്ക്കെതിരെ നടപടിയെടുക്കുമെന്ന് കൊച്ചി ജോയിന്റ് ആര്‍ടിഒ സജിത്ത് പറഞ്ഞു.
ബസ്സുകളില്‍ 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ഇതിനുപുറമെ മുതിര്‍ന്ന പൗരന്മാര്ക്കായി 4 സീറ്റുകള്‍ സംവരണം ചെയ്തതില്‍ രണ്ട് സീറ്റ് മുന്പിലെ വാതിലിനു സമീപം മുതിര്‍ന്ന വനിത എന്ന് എഴുതി അവര്‍ക്കായി നീക്കിവെക്കണം. സംവരണം ചെയ്ത സീറ്റുകളില്‍ ഇരുന്ന് യാത്രചെയ്യുന്നവര്‍ അര്‍ഹതപ്പെട്ടവര്‍ വന്നാല്‍ ഒഴിഞ്ഞു കൊടുക്കണം. ഇത് ബസ്സുകളില്‍ എഴുതിവെക്കേണ്ടതാണ്. നിയമംലംഘിക്കുന്നവരില്നിന്ന് നൂറുരൂപ പിഴ ഈടാക്കുകയും ചെയ്യും. 1989 ലെ കേരള മോട്ടോര്‍ വാഹനചട്ടങ്ങള്‍ പ്രകാരം ഇത്തരം സൗകര്യം ഏര്‍പ്പെടുത്താത്ത കണ്ടക്ടര്‍ മാര്‍ക്കെതിരെ നടപടി ഉണ്ടാകും. കണ്ടക്ടര്‍മാര്‍ യൂണിഫോമിനു പുറമെ വെള്ളുത്തനിറത്തിലുള്ള നെയിം ബോര്‍ഡ് ധരിക്കുകയും വേണം. ബസ്സ് ജീവനക്കാര്‍ യാത്രക്കാരായ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നും ആര്‍ടിഓഫീസ് ഇറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഡോര്ചെക്കര്മാരും കടും നീലനിറത്തിലുള്ള യൂണിഫോം ധരിക്കണം. വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ചിരിക്കുകയാണെങ്കില് കണ്സെഷന് കാര്‍ഡ് ആവശ്യപ്പെടുന്നതും യാത്രാസൗജന്യം നിഷേധിക്കുന്നതും കുറ്റകരമാണ്. വാഹനങ്ങളില്‍ നിന്നും സണ്‍ഫിലിം നിര്‍ബന്ധമായും നീക്കം ചെയ്യേണ്ടതാണ്. ബുധനാഴ്ച പശ്ചിമകൊച്ചിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഒമ്പത് വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തതായും ആര്‍ടിഒ ഓഫീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: