കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഒരു ദശാബ്ദത്തിലേറെയായി നീണ്ടു നില്ക്കുന്ന സംഘര്‍ഷത്തെ കംപ്യൂട്ടര്‍ ഗെയിംസിനോടു താരതമ്യം ചെയ്ത ഹാരി രാജകുമാരന് ഭ്രാന്തെന്ന് താലിബാന്. ബ്രിട്ടനിലെ ഭാവി കിരീടാവകാശി ഭീരുവാണെന്നും താലിബാന് പറഞ്ഞു.
സുരക്ഷിതമായ സ്ഥലത്തിരുന്ന് സംസാരിക്കുന്ന ഹാരി ഭീരുവാണ്. യുദ്ധം കളിയാണെന്നു പറയുന്ന രാജകുമാരന്റെ മാനസികനില തെറ്റിയിരിക്കുന്നു. മുജാഹിദിനെതിരേ യുദ്ധം ചെയ്യാന്‍ ഹാരിക്കു കഴിയുമെന്ന് തോന്നുന്നില്ലെന്നും താലിബാന് വക്താവ് പറഞ്ഞു.
അഫ്ഗാന് സൈനികത്താവളത്തില്‍ നിന്നു മടങ്ങുന്നതിനു മുമ്പ് ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഹാരി സംഘര്‍ഷത്തെ കംപ്യൂട്ടര്‍ ഗെയിംസിനോട് ഉപമിച്ചത്. പ്ലേ സ്റ്റേഷനും എക്സ് ബോക്സും (കംപ്യൂട്ടര്‍ ഗെയിംസ്) കളിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താന്‍. അതു കൊണ്ട് സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് തന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്നു കരുതുന്നതായും ഹാരി പറഞ്ഞു.
പല രാജ്യങ്ങളില്‍ നിന്നുള്ള സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ എത്തുന്നതെന്നും അവരുടെ പോരാട്ടത്തെ വെറും കളിയായി ചിത്രീകരിക്കാന്‍ ഹാരി ശ്രമിച്ചത് അദ്ദേഹത്തിന്റെ ബഹുമാനക്കുറവാണ് തെളിയിക്കുന്നതെന്നും ഹെല്‍മണ്ടിലെ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: