നെയ്യാറ്റിന്‍കര: സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഇന്നത്തെ സമൂഹത്തിനും ഭാവി തലമുറയ്ക്കും ഉത്തമ വഴികാട്ടിയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്. കരിനട ആശ്രയ ട്രസ്റ്റും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററും സംയുക്തമായി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷങ്ങളുട ഭാഗമായി സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരത്തിന്റെ മഹത്തായ പൈതൃകം ഏവരും ഉള്‍ക്കൊള്ളണം. വൈദേശിക ശക്തികള്‍ക്ക് കൊള്ളയടിക്കാനാവാത്ത ആത്മീയ ചൈതന്യം ഭാരതത്തിനുണ്ട്. വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും അകറ്റപ്പെട്ട് നിറുത്തിയിരുന്ന വലിയൊരു ജന വിഭാഗത്തിന് വിവേകാനന്ദന് ദിശാബോധം നല്കി. ഭ്രാന്താലയം എന്ന് വിവേകാനന്ദന് പറഞ്ഞ ഇടങ്ങളില്‍ നിന്ന് മലയാളി എത്ര മാറിയെന്ന് സ്വയം ചിന്തിക്കണം. സ്ത്രീയെ പൂജിക്കുന്ന സമൂഹത്തില്‍ നിന്നു രണ്ടു മിനിട്ടില്‍ ഒരു പീഡനം എന്ന കണക്കിലേക്ക് നാട് വളരെ വേഗം മാറിയിരിക്കുന്നു.കുത്തക മൂലധന ശക്തികള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നേരിട്ട് ഇടപെടുന്നു. വിഷം വമിപ്പിക്കുന്ന വന്‍കിട ഫാക്ടറികളും മലിനപൂരിതമായ അന്തരീക്ഷവും ഒരു നാടിനും ഭൂഷണമല്ല. വിവേകാനന്ദന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുരത്തിക്കുറിച്ച എല്ലാ ദുഷ് പ്രവണതകളും വീണ്ടും തലപൊക്കിതുടങ്ങി. മതാന്ധത പൂണ്ട് തമ്മില്‍ തല്ലുന്ന മനുഷ്യര്‍ നാടിന് ആപത്താണ്. ഭാവിയിലെ ഭാരതം യുവസമൂഹത്തില്‍ സ്വപ്നം കണ്ട വിവേകാനന്ദന്റെ ചിന്തകള്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ ജനങ്ങള്‍ കൂടുതല്‍ കരുത്തോടെ സാമൂഹ്യരംഗത്ത് ഇടപെടണമെന്ന് പരമേശ്വരന് പറഞ്ഞു.ആശ്രയ പ്രസിഡന്റ് അയണിത്തോട്ടം കൃഷ്ണന്‍നായര്‍ പി. പരമേശ്വരനെ പൊന്നാട അണിയിച്ചു. സെക്രട്ടറി എ. കൃഷ്ണന്‍കുട്ടി സ്വാഗതവും വിജയാനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: