പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുടെ അഭാവത്തില്‍ ലൈസന്‍സ് റദ്ദാക്കിയ പ്ലൈവുഡ് കമ്പനി പ്രവര്‍ത്തിപ്പിക്കുവാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത്. സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന കമ്പനി തിങ്കളാഴ്ച അധികൃതരുടെ സഹായത്തോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി കമ്പനിപടിക്കല്‍ ഉപരോധം സൃഷ്ടിക്കുകയായിരുന്നു. കമ്പനി ഉടമ പ്രകോപനത്തിന് ശ്രമിച്ചെങ്കിലും പോലീസെത്തി ഒഴിവാക്കുകയായിരുന്നു.
മാസങ്ങളായി നാട്ടുകാര്‍ സമരരംഗത്തുള്ള പടിക്കലപ്പാറയിലുള്ള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുവാന്‍ കഴിഞ്ഞ 5ന് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നതാണ്. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദ്ചെയ്യുവാന് കഴിഞ്ഞ നവംബര്‍ 5ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷതയില്‍ കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമായി കഴിഞ്ഞ 16ന് കമ്പനിയിലേക്ക് ലോഡുമായി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു.
എന്നാല്‍ പ്രശ്ന പരിഹാരത്തിനെത്തിയ അധികൃതര്‍ കമ്പനി ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സമരക്കാര്‍ പറയുന്നു. സമരം ചെയ്ത നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കുന്നതിനാണ് പോലീസ് ശ്രമിച്ചതെന്ന് സമരത്തിന് നേതൃത്വം നല്കിയ ബാബു വര്‍ഗീസ്, സി.കെ.പ്രസന്നന്, പി.എസ്.വര്‍ഗീസ്, കെ.കെ.ശ്രീനേഷ്, പി.എ.സജീവന്, സി.കെ.സജീവ്, പോള്‍.പി.പി, ആനീസ് ദേവസി, നീതു സുധീഷ്, അമ്മിണി ചന്ദ്രന്, അജിതകുമാരി തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: