കൊച്ചി: പാത്രിയാര്‍ക്കീസ് ബാവയുടെ പേരുപറഞ്ഞ് സഭയില്‍നിന്ന് തന്നെ പുറത്താക്കാന്‍ ശ്രേഷ്ഠബാവയും അല്മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലനും ഗൂഢനീക്കം നടത്തുകയാണെന്ന് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.കുരിയാക്കോസ് മോര് ക്ലിമ്മീസ് ആരോപിച്ചു. ഗുരുതരമായ വധഭീഷണി താന്‍ നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
സഭയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് തന്നെ പുറത്താക്കിയതായി അറിയിച്ചുകൊണ്ട് പാത്രിയാര്‍ക്കീസ് ബാവയുടെ പേരില്‍ തനിക്ക് കിട്ടിയ കല്‍പ്പന വ്യാജമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാനോന്‍ നിയമങ്ങളും സഭാ ഭരണഘടനയും അറിവുള്ള പാത്രിയാര്‍ക്കീസ് ബാവ ഇത്തരത്തിലൊരു കല്‍പ്പന പുറപ്പെടുവിക്കില്ല. ബാവയുടെ ഒപ്പ് കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്ത് പുത്തന്‍ കുരിശിലെ പാത്രിയാര്‍ക്കല്‍ സെന്ററില്‍നിന്ന് മുമ്പും വ്യാജ കല്‍പ്പനകള്‍ ഉണ്ടാക്കി വിശ്വാസികളെ വഞ്ചിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ശ്രേഷ്ഠ ബാവയും തുകലനും ചേര്‍ന്ന് നടത്തുന്ന കോടികളുടെ സാമ്പത്തിക വെട്ടിപ്പ് പുറത്താക്കിയ തന്നെ വിഷംതന്ന് കൊല്ലാന്‍ ശ്രമിച്ചിട്ടുള്ളതാണ്. വധഭീഷണി തുടരുന്നതിനാല്‍ പോലീസ് സംരക്ഷണയിലാണ് കഴിയുന്നത്. ശ്രേഷ്ഠബാവക്കും തമ്പു ജോര്‍ജിനുമെതിരെ സംസാരിക്കുന്നവര്‍ക്കുള്ള താക്കീതും ഭീഷണിയുമാണ് വ്യാജകല്പ്പനയെന്നും ബാവയുടെ വ്യക്തിജീവിതവും അഴിമതിയും സംബന്ധിച്ച ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഡോ. കുരിയാക്കോസ് മോര് ക്ലിമ്മീസ് മെത്രാപ്പോലീത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: