ഏറ്റവും പ്രാചീനകാലം മുതല്‍ നാം ലോകത്തെ മുഴുവന്‍ ഒരുതരത്തില്‍ വെല്ലുവിളിച്ചുവരികയാണ്. ഒരു മനുഷ്യന് എത്രയേറെ പരിഗ്രഹിക്കാമെന്ന പ്രശ്നത്തിന് സമാധാനം നല്‍കുകയാണ് പാശ്ചാത്യലോകത്തില്‍. നാമിവിടെ എത്ര സ്വല്പംകൊണ്ട് ഒരുവന് ജീവിക്കാമെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കുകയാണ്. ഇനിയും കുറെ നൂറ്റാണ്ടുകളോളം ഈ മത്സരവും വ്യത്യാസവും തുടര്ന്നുപോവുകതന്നെ ചെയ്യും. പക്ഷേ ചരിത്രത്തില്‍ വല്ല സത്യവുമുണ്ടെങ്കില്‍, ദീര്‍ഘദര്‍ശനങ്ങള്‍ എപ്പോഴെങ്കിലും നേരായിവന്നിട്ടുണ്ടെങ്കില്, തീര്‍ച്ചയായും ഏറ്റവും സ്വല്പംകൊണ്ട് ജീവിക്കാന്‍ അഭ്യസിക്കുന്നവരാണ്, ആത്മസംയമനം വെടിപ്പായി പരിശീലിക്കുന്നവരാണ്, ഈ പേരില്‍ ഒടുക്കം വിജയിക്കുക. മറിച്ച്, ഭോഗങ്ങളുടെയും ധൂര്ത്തടിയുടെയും പിമ്പേ പായുന്നവര്‍, താല്‍ക്കാലികമായി എത്രയൊക്കെ വീര്യസമ്പന്നരെന്ന് തോന്നിയാലും മരിച്ച് നാമാവശേഷമാവുകയും ചെയ്യും. വ്യക്തിയുടെ ചരിത്രത്തില്‍, എന്തിന്, ജനതകളുടെ പോലും ചരിത്രത്തില്‍. ഒരുതരം ‘ലോകശ്രാന്തി’ ദുഃസഹമാംവണ്ണം പ്രകടമാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. പാശ്ചാത്യലോകത്തില്‍ അത്തരം ലോകശ്രാന്തിയുടെ വേലിയേറ്റം വന്നെത്തിയതായി തോന്നുന്നു. അവിടെയുമുണ്ട് അവരുടെ ചിന്തകന്മാരും മഹത്തുക്കളും. അവര്‍, വിത്തത്തിനും പ്രതാപത്തിനും വേണ്ടിയുള്ള ആ പരക്കംപാച്ചില്‍ വെറും പൊള്ളയാണെന്ന് കണ്ടുപിടിച്ചിരിക്കുന്നു. സംസ്കാരസമ്പന്നരായ അവിടത്തെ പല പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും എന്തിന് അത്തരം ഏറിയകൂറുമാളുകള്ക്ക്, ഈ മത്സരവും പോരാട്ടവും ഈ വാണിജ്യപരിഷ്കാരത്തിന്റെ ബര്‍ബരതയും ശ്രമാവഹമായി തോന്നിക്കഴിഞ്ഞു. അവര്‍ ഇതിലും മെച്ചപ്പെട്ട വല്ലതും പ്രതീക്ഷിക്കുന്നു.
- സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: