കൊച്ചി: ഐടി, ഇലക്ട്രോണിക്സ് വ്യവസായ രംഗങ്ങളില്‍ കേരളത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്ന ഏകദിന സെമിനാര്‍ ഇന്ന് കലൂരിലെ റെന ഇവന്റ്സ് ഹബില്‍ നടക്കും. സംസ്ഥാന സര്‍ക്കാരും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എക്സൈസ്, തുറമുഖ മന്ത്രി കെ. ബാബു എന്നിവര്‍ പങ്കെടുക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരന്‍, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, കേരള ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി. ബാലകൃഷ്ണന്, കേരള സ്റ്റേറ്റ് ഐടി മിഷന് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, കെല്‍ട്രോണ്‍ ചെയര്മാന് ഡോ. ജി.സി. ഗോപാലപിള്ള, ടെക്നോപാര്‍ക്ക് സിഇഒ കെ.ജി. ഗിരീഷ് ബാബു, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ജിജോ ജോസഫ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മൈക്രോസോഫ്റ്റ്, നാസ്കോം, യുഎസ്ടി ഗ്ലോബല്‍, സീമെന്‍സ്, ഒറക്ക്ല്, ടിസിഎസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും സെമിനാറില്‍ പങ്കെടുക്കും.
ലോകത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന വ്യവസായമായ ഐടി മേഖലയ്ക്ക് കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിലുള്ള വന്‍ വളര്‍ച്ചാസാധ്യത ആരായുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഭൂമിയുടെയും ഊര്‍ജത്തിന്റെയും വിനിയോഗം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദപരമായി വ്യവസായം വളര്‍ത്തിയെടുക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സംസ്ഥാന ഐടി നയത്തിന്റെ കാതല്‍. ഈ പശ്ചാത്തലം മുന്‍നിര്‍ത്തി കേരളത്തിലേക്ക് ഐ.ടി സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: