തൃപ്പൂണിത്തുറ: വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വികസനപദ്ധതികളാണ് നഗരസഭകള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതെന്ന് നഗരകാര്യ-ന്യൂനപക്ഷക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. തൃപ്പൂണിത്തുറ നഗരസഭ പഴയ ബസ്സ്റ്റാന്റില് പണിതീര്‍ത്ത വ്യാപാരസമുച്ചയം ‘ടി. രവീന്ദ്രന് സ്മാരക ഷോപ്പിംഗ് കോംപ്ലക്സി’ന്റെ നാമകരണവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പാലിറ്റികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നഗരവികസനത്തോടൊപ്പം വരുമാനം കൂടി വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ നല്കുന്ന വിഹിതം മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സാധിക്കൂ.
ബ്രഹ്മപുരം മാലിന്യസംസ്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കോര്പ്പറേഷന്-മുനിസിപ്പല്‍ അധികൃതരുടെ യോഗം സര്‍ക്കാര്‍ ഉടനെ വിളിച്ചുകൂട്ടും. പ്രതിദിനം 500 ടണ്‍ സംസ്ക്കരണശേഷിയുള്ള പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിക്കുന്നതിന് നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തില്‍ എക്സൈസ്-തുറമുഖ വകുപ്പുമന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ തിലോത്തമ സുരേഷ്, പ്രതിപക്ഷ നേതാവ് സി.എന്‍. സുന്ദരന്‍, സ്ഥിരം കമ്മറ്റി ചെയര്മാന്മാരായ ഇ.കെ. കൃഷ്ണന്‍കുട്ടി, ടി.കെ. സുരേഷ്, കെ.ടി. സൈഗാള്‍, സ്ഥിരം കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ രൂപരാജു, ശൈലജ രാജന്, വാര്‍ഡ് അംഗം ടി.പി. പൗലോസ്, നഗരസഭാ സെക്രട്ടറി ടി.എസ്. സൈഫുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.
ചെയര്മാന് ആര്. വേണുഗോപാല്‍ സ്വാഗതവും മുനിസിപ്പല്‍ എഞ്ചിനീയര്‍ ടി.എ. അമ്പിളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: