ഹൈദരാബാദ്: മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗത്തിന് ജയിലിലടയ്ക്കപ്പെട്ട മജ്ലിസ് ഇ ഇത്തഹദ് ഉല് മുസ്ലീമന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസി സെല്ലിനുള്ളിലെ സൗകര്യങ്ങള്‍ പോരെന്ന് പരാതിപ്പെട്ടതായി ജയിലധികൃതര്‍. സൗകര്യക്കുറവിനെക്കുറിച്ച് ഒവൈസി പരാതിപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കിടക്ക പോരെന്നും ഒരെണ്ണം കൂടി വേണമെന്നുമാണ് ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല നേരത്തെ ഉണ്ടായ ആക്രമണത്തില്‍ ബുള്ളറ്റ് തറച്ച് മുറിവേറ്റിട്ടുണ്ടെന്നും അതിനാല്‍ നിലത്ത് കിടക്കാനാകില്ലെന്നുമാണ് ഒവൈസി പറയുന്നത്.
തനിക്ക് ജയിലിനുള്ളിലെ ബോറടി മാറ്റാന്‍ ഒരു ടിവി അനുവദിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊതുമുറിയില്‍ വന്ന് സഹതടവുകാരോടൊപ്പം ടിവി കാണാന്‍ ജയിലധികൃതര്‍ നല്കിയ നിര്‍ദേശം ഒവൈസി നിരസിച്ചു. ഒവൈസി നിരവധി ആവശ്യങ്ങളുന്നയിച്ചെങ്കിലും വിചാരണത്തടവുകാരനായ ഇയാളെ കോടതി വിഐപി വിഭാഗത്തില്‍ പെടുത്താതെ അതെല്ലാം നല്‍കാനാകില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു.
തന്റെ സെല്‍ വൃത്തിഹീനമാണെന്നും തനിക്ക് മൂട്ടകളുടെയും ഉറുമ്പുകളുടെയും കടിയേല്‍ക്കുന്നുണ്ടെന്നും ഒവൈസി വെള്ളിയാഴ്ച പരാതിപ്പെട്ടിരുന്നു. എന്നാല്‍ സെല്ലിനുള്ളിലെ പരിശോധനയില്‍ ഒരുറുമ്പിനെപ്പോലും കണ്ടെത്താനായില്ല. നിയമസഹായ അതോറിറ്റി വിവാദനേതാവിന്റെ ആവശ്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കേസ് പരിഗണിക്കുന്ന ജനുവരി 16ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിചാരണത്തടവുകാരനായ ഇയാളെ വിഐപി തടവുകാരനായി പരിഗണിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.
മതവിദ്വേഷ പ്രസംഗത്തെക്കുറിച്ച് പോലീസിന്റെ ചോദ്യംചെയ്യലില്‍ ഒവൈസി സഹകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഒവൈസിയുടെ വിദ്വേഷജനകമായ പ്രസംഗത്തെക്കുറിച്ചു മാത്രമാണ് പോലീസ് ചോദ്യം ചെയ്യുന്നത്. പ്രസംഗം സംപ്രേഷണം ചെയ്ത ടിവി ചാനല്‍ മേധാവികള്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. ഒവൈസിക്കെതിരെ തങ്ങളുടെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ പ്രതികൂല കമന്റുകള്‍ രേഖപ്പെടുത്തിയ ബ്രിജേഷ് വ്യാസ്, നാവേണ്ടര് മുരാരി എന്നിവരെയും പോലീസ് ചോദ്യം ചെയ്യും.
എന്നാല്‍ തങ്ങള്‍ വാര്‍ത്താ പരിപാടിയായി വിവാദപ്രസംഗം സംപ്രേഷണം ചെയ്യുകയായിരുന്നെന്ന് ടിവി ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ കടമകളില്‍ വീഴ്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഐപിസി 153 എ അനുസരിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസ് ഇപ്പോഴന്വേഷിക്കുന്നത് ഒസ്മാനിയ യൂണിവേഴ്സിറ്റി പോലീസാണ്. 4ടിവി, റൂബി ടിവി, ഉര്‍ദു ടിവി, എംക്യൂ ടിവി എന്നീ ചാനലുകളോട് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചാനലുകള്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി പോലീസിന് കേസെടുക്കാം. എന്നാല്‍ ഇവര്‍ സംപ്രേഷണം ചെയ്തഭാഗങ്ങള്‍ തെരഞ്ഞെടുത്ത് കേസിന്റെ ആവശ്യത്തിന് ഉപയോഗിക്കാനും സാധ്യതയുണ്ട്.
സദസ്സിലുണ്ടായിരുന്നവരില്‍ ചിലരെയും ഒവൈസിയുടെ ഡ്രൈവര്‍, അംഗരക്ഷകന് എന്നിവരെയും പോലീസ് ചോദ്യം ചെയ്യും. ഒവൈസിയെ ചോദ്യം ചെയ്യുന്നതില്‍ പോലീസ് അതീവ ജാഗ്രതപുലര്‍ത്തുന്നുണ്ട്. ചോദ്യം ചെയ്യുന്ന സമയത്ത് കൈവിലങ്ങുകള്‍ അണിയിക്കാറില്ല. മാത്രമല്ല ഒവൈസിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: