ഹൈദരാബാദ്: പ്രത്യേക തെലുങ്കാന എന്ന തങ്ങളുടെ ആവശ്യം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തെലുങ്കാനമേഖലയില് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതില്‍ കേന്ദ്രത്തില്‍ നിന്ന് പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു. തെലുങ്കാന പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞ സമയം അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന.
ആന്ധ്രാപ്രദേശ് വിഭജിക്കാന്‍ പോകുകയാണെന്ന സൂചന തങ്ങള്‍ക്ക് ലഭിച്ചതായി കോണ്‍ഗ്രസിന്റെ രണ്ട് സംസ്ഥാനമന്ത്രിമാരും ഒരു എംപിയുമാണ് അവകാശപ്പെട്ടത്. വിഭജനത്തിന് ശേഷം പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദിനെ രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി നിലനിര്‍ത്താനാണ് ആലോചിക്കുന്നതെന്ന് തൊഴില്‍മന്ത്രി ധനം നാഗേണ്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിവില്‍ സപ്ലൈസ് മന്ത്രി ഡി. ശ്രീധര്‍ ബാവുവും ധനം നാഗേണ്ടറിന്റെ പ്രസ്താവനയെ പിന്തുണച്ചു. തെലുങ്കാനമേഖലയിലെ ജനങ്ങളുടെ സ്വപ്നം ഉടന്‍ സഫലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമേതായിരിക്കുമെന്ന ചോദ്യത്തിന് ഹൈദരാബാദിനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും മേഖലയില്‍ ഹൈദരാബാദ് ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തെലുങ്കാനയെ കേന്ദ്രഭരണപ്രദേശമാക്കുന്നതിന് അനുകൂലമായ പ്രസ്താവനയായിരുന്നു ധനം നാഗേണ്ടറിന്റേത്. പിന്നീട് അദ്ദേഹം ഇത് തിരുത്തി. ഇക്കാര്യത്തില്‍ ധൃതി ആവശ്യമില്ലെന്നും കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കുമെന്നും ധനം നാഗേണ്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന സംസ്ഥാന രൂപീകരണം ഉടനുണ്ടാകുമെന്ന് രാജ്യസഭാംഗം ഗോവര്ദ്ധന് റെഡ്ഡിയും സൂചന നല്കി. കേന്ദ്രം ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും ഈ മാസം പതിനെട്ടിന് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമെന്നും ഗോവര്ദ്ധന് റെഡ്ഡി പറഞ്ഞു. തെലുങ്കാന സംസ്ഥാനം രൂപികൃതമായിക്കഴിഞ്ഞാല് തെലുങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസില്‍ ലയിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: