കൊച്ചി: തിരക്കേറിയ നഗര വീഥികളുടെ ഓരത്തുകൂടി പുസ്തകക്കെട്ടുമായി സൈക്കിള്‍ ചവിട്ടിനീങ്ങുന്ന യുവാവ്. ചിലരെങ്കിലും ഇയാളെ ശ്രദ്ധിച്ചിട്ടുണ്ടാകും. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തുവച്ച് റോഡരികില്‍ സംസാരിച്ചു നില്ക്കുന്നവരുടെ അടുത്ത് സൈക്കിള്‍ നിര്‍ത്തി ഭവ്യതയോടെ ഇയാള്‍ സ്വയം പരിചയപ്പെടുത്തും. പേര് പരമേശ്വരന്, തൃപ്പൂണിത്തുറ സ്വദേശിയാണ്. താത്പര്യമുണ്ടെങ്കില്‍ ഒരു പുസ്തകം പരിചയപ്പെടുത്താം. കയ്യിലുള്ള പുസ്തകങ്ങളില്‍ ഒരെണ്ണം വച്ചു നീട്ടും. ചിലര്‍ പണം നടല്‍കി അതു സ്വന്തമാക്കും. മറ്റു ചിലര്‍ നിരസിക്കും.
തൃപ്പൂണിത്തുറ കൃഷ്ണവിഹാറില്‍ പരമേശ്വരനാണ് ഈ സൈക്കിള്‍ പുസ്തകവില്പനക്കാരന്, ബിരുദധാരിയാണ്. സ്വകാര്യസ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്നു. ചെറുപ്പംമുതല്‍ തന്നെ ഗാന്ധിയന്‍ ആദര്‍ശത്തില്‍ ആകൃഷ്ടനായിരുന്നു പരമേശ്വരന്. ഒരു പ്രത്യേക സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചു. പിന്നെ ഒട്ടും ചിന്തിച്ചില്ല, ഗാന്ധിമാര്‍ഗം പ്രചരിപ്പിക്കാനും അതിലൂടെ ജീവിത മാര്‍ഗം കണ്ടെത്താനുമായിരുന്നു തീരുമാനം. പഴയ ഒരു സൈക്കിള്‍ സംഘടിപ്പിച്ചു. അതില്‍ ഗാന്ധിയുടെ പുസ്തകങ്ങള്‍ കൊണ്ടുനടന്ന് വില്പനയും തുടങ്ങി. ആദ്യം വില്പനക്കുതെരഞ്ഞെടുത്തത് ഗാന്ധിജിയുടെ ജീവചരിത്രം തന്നെയായിരുന്നു. എന്റെ സത്യാന്വോഷണ പരീക്ഷണങ്ങള്‍ പ്രതിദിനം 50 കോപ്പികള്‍ വരെ വില്പന നടന്നു. ഗാന്ധി സ്മൃതി ദര്ശന് സമിതി പ്രസിദ്ധീകരിച്ചിരിക്കുന്ന മോനിയ എന്ന പുസ്തകമാണ് പരമേശ്വരന് ഇപ്പോള്‍ സൈക്കിളില്‍ കൊണ്ടുനടന്ന് നഗരവാസികള്‍ക്കു പരിചയപ്പെടുത്തുന്നത്. ഹേമന്തിന്റെ കഥക്ക് ഇര്ഫാന് വരച്ച ചിത്രങ്ങള്‍. ടി.കെ.അച്യുതന് മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തിയ ഈ പുസ്തകം ഗാന്ധിജിയുടെ കുട്ടിക്കാലത്തെയാണ് ഇന്നത്തെ തലമുറക്ക് പരിചയപ്പെടുത്തുന്നത്. വില 10 രൂപ മാത്രം.
ഈ പുസ്തകത്തിനും നഗരവാസികളില്‍ നിന്ന് നല്ല പ്രതികരണമാണെന്ന് പരമേശ്വരന് പറയുന്നു. തനിക്കും കുടുംബത്തിനും കഴിയാനുള്ളവക പുസ്തക വില്പനയിലൂടെ ലഭിക്കുന്നത് ധാരാളമാണെന്ന് ഈ യുവാവ് സംതൃപ്തിയോടെ സമ്മതിക്കുന്നു. ധനസമ്പാദനത്തിനായി യുവാക്കള്‍ ഏതു വളഞ്ഞവഴിയും തേടുന്ന ഈ കാലഘട്ടത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് പരമേശ്വരന്. ഗാന്ധിമാര്ഗ്ഗത്തിലൂടെ ജീവിതമാര്ഗ്ഗ മെന്ന വേറിട്ട വഴിയിലൂടെ.
- എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: