കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ജില്ലയില്‍ വിപുലമായ തുടക്കം.
കിഴക്കമ്പലം കുന്നത്തുനാട് ആഘോഷസമിതിയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് പഞ്ചായത്ത് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ കിഴക്കമ്പലം സെന്റ്പീറ്റേഴ്സ് പള്ളിവികാരി ഇ.സി.വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4ന് പള്ളിക്കര അമ്പലപ്പടിയില്നിന്നും വിവേകാനന്ദ വേഷധാരികള്‍ നടത്തിയ ശോഭായാത്ര വിവേകാനന്ദനഗറില്‍ സമാപിച്ചു. പൊതുസമ്മേളനത്തില്‍ വിവിധ സാമൂഹ്യ, രാഷ്ട്രീയ മതനേതാക്കള്‍ പങ്കെടുത്തു.
കോതമംഗലത്ത് നടന്ന സാംസ്ക്കാരിക സമ്മേളനം മുനിസിപ്പല്‍ ചെയര്മാന് കെ.പി.ബാബു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തിന് വിത്ത് പാകുന്നതില്‍ സ്വാമിജി നിര്‍ണായക പങ്ക് വഹിച്ചു. കേവലം 39 വയസ് വരെ മാത്രം ജീവിച്ച് ഭാരത നവോത്ഥാനത്തിന് കാരണക്കാരനായത് വിവേകാനന്ദനാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്വാമിജിയുടെ യാത്ര യഥാര്‍ത്ഥ ഭാരതത്തെ കണ്ടെത്തലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ഇ.എന്‍.നാരായണന് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കെ.ജി.പ്രദീപ് സ്വാഗതവും സി.എം.ദിനൂപ് നന്ദിയും പറഞ്ഞു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് ടി.പി.എ.കര്‍ത്ത മുഖ്യപ്രഭാഷണം നടത്തി.
യുവാക്കള്‍ക്ക് മാതൃകയാകേണ്ടുന്ന യുവപരിവര്ത്തകനാണ് സ്വാമി വിവേകാനന്ദനെന്ന് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി പറഞ്ഞു. വിവേകാനന്ദജയന്തി ആഘോഷങ്ങളുടെ ഭാഗമായി പട്ടിമറ്റം ഗോകുലം വിദ്യാനികേതന്‍ പബ്ലിക് സ്കൂളില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോകുലം സ്കൂളും വിവേകാനന്ദജയന്തി ആഘോഷസമിതിയും സംയുക്തമായി നടത്തിയ പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ തോംസണ്‍ ഫെഡറിക് അധ്യക്ഷനായി. കെ.ചന്ദ്രമോഹനന് സ്വാഗതവും എം.പി.അപ്പു പായിപ്ര മുഖ്യപ്രഭാഷണവും നടത്തി. കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.ഇബ്രാഹിം ആശംസകളും വിജി.വിനുകുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി വര്‍ണ്ണശബളമായ വിവേകാനന്ദജയന്തി ശോഭായാത്രയും നടത്തി. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും ജാതിവ്യവസ്ഥക്കുമെതിരെ ശബ്ദമുയര്‍ത്തിയ സ്വാമി വിവേകാനന്ദനാണ് ഭാരതത്തിന്റെ ഉജ്ജ്വല മാതൃകയെന്ന് സബ് ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ പരിതാപകരമായ അവസ്ഥക്ക് മാറ്റം വരുത്താന്‍ വിവേകാനന്ദസന്ദേശങ്ങള് പ്രേരണയായിത്തീരണമെന്ന് അദ്ദേഹം പറഞ്ഞു. വിവേകാനന്ദജയന്തി ആഘോഷങ്ങളുടെ നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി ബോര്‍ഡ് മെമ്പര്‍ കെ.എസ്.സ്വാമിനാഥന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ.സുനില്‍ മുഖ്യപ്രഭാഷണം നടത്തി. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ.വര്‍ഗീസ്, യാക്കോബായസഭ യുവജനവിഭാഗം അധ്യക്ഷന്‍ ഫാ. ജോര്‍ജ് വര്‍ഗീസ് വയലില്‍ പറമ്പില്‍, സുപ്രീംകോടതി അഭിഭാഷകന് ഡോ. വിന്‍സന്റ് പാനിക്കുളങ്ങര, ബിജെപി സംസ്ഥാനസമിതി അംഗം അഡ്വ. എ.കെ.നസീര്‍ എന്നിവര്‍ സംസാരിച്ചു.
ബിജെപി തൃക്കാക്കര നിയോജകമണ്ലം ആഭിമുഖ്യത്തില്‍ നടന്ന പരിപാടികള്‍ സുധീര്‍ എന്‍.മേനോന് (കേരള ട്രാവല്‍സ് അസ്സോസിയേഷന് സംസ്ഥാന സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. കെ.കെ.വാമലോചനന്‍ (കവി തിലകന് പണ്ഡിറ്റ് കറുപ്പന് സാംസ്ക്കാരിക വേദി വൈസ് പ്രസിഡന്റ്) മുഖ്യപ്രഭാഷണം നടത്തി. സി.സതീശന്, എസ്.മനോജ്, വെണ്ണല സജീവന്, എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ബാബുരാജ് തച്ചേത്ത് അദ്ധ്യക്ഷത വഹിക്കുകയും സമോദ് കൊച്ചു പറമ്പില്‍ സ്വാഗതവും പ്രമോദ് പുന്നുരുന്നി നന്ദിയും പറഞ്ഞു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സേവന പരിപാടികളുടെ പ്രഖ്യാപനവും നടന്നു.
കോതമംഗലം, വാരപ്പെട്ടി എന്നിവിടങ്ങളില്‍ വിളംബരശോഭായാത്രയും പൊതുസമ്മേളനവും നടന്നു. വാരപ്പെട്ടി ഗവ.ആശുപത്രി പരിസരത്തുനിന്നാരംഭിച്ച ശോഭായാത്രയില്‍ വിവേകാനന്ദ വേഷമണിഞ്ഞ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. വാരപ്പെട്ടി സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തംഗം പ്രിയ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ആഘോഷസമിതി ജില്ലാ ജോ.സെക്രട്ടറി കെ.ആര്.മുരളി മുഖ്യപ്രഭാഷണം നടത്തി. ഡയാന നോബി, എം.കെ.നിര്‍മ്മലം, ബിന്ദുശശി, പി.ആര്.നാരായണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍ മേഖലയില്‍ വര്‍ണ്ണശബളമായ ശോഭായാത്രകള്‍ നടന്നു. അശമന്നൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറുകുന്നത്ത് നിന്ന് ആരംഭിച്ച ശോഭായാത്ര ഓടക്കാലിയില്‍ സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം ശോഭന ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് അദ്ധ്യക്ഷത വഹിച്ചു.
വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്ത് സമിതികള്‍ പ്രളയക്കാട് ശ്രീശങ്കര വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന മഹാശോഭായാത്ര വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാസു ഉദ്ഘാടനം ചെയ്തു. വര്‍ണ്ണക്കുടകളേന്തിയ നൂറ് കണക്കിന് ദേശ സ്നേഹികളും, വിദ്യാര്‍ത്ഥികളും അധ്യാപകരും, വിവേകാനന്ദ വേഷങ്ങളും അണിനിരന്നു. മുടക്കുഴ കവലയിലെത്തിച്ചേര്ന്ന ശോഭായാത്ര ശ്രീശങ്കര സ്കൂളില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ എം.ആര്.ഗോപി, അഡ്വ.സതീഷ് എം.കുമാര്‍, താലൂക്ക് സേവാപ്രമുഖ് രാജന് തുടങ്ങിയവര്‍ സംസാരിച്ചു. വിവേകാനന്ദജയന്തിയോടനുബന്ധിച്ച് പള്ളുരുത്തിയില്‍ ശോഭായാത്ര സംഘടിപ്പിച്ചു. പള്ളുരുത്തി ശ്രീനാരായണ നഗറില്‍ സംഗീതസംവിധായകന് എം.കെ. അര്ജുനന് മാസ്റ്റര്‍ ഭദ്രദീപം തെളിച്ചു.
നിശ്ചലദൃശ്യങ്ങള്‍, വിവേകാനന്ദവേഷധാരികള്, വിവിധ മേളങ്ങള്‍, പൂത്താലമേന്തിയ ബാലികമാര്‍ എന്നിവര്‍ അകമ്പടി സേവിച്ചു. തോപ്പുംപടി ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ ശോഭായാത്ര സമാപിച്ചു. മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നടന്ന സമ്മേളനം മുനിസിപ്പല്‍ ചെയര്മാന് യു.ആര്.ബാബു ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ സ്കൂള്‍ പ്രധാന അദ്ധ്യാപകന് പി.ആര്.നാരാണന് അദ്ധ്യക്ഷത വഹിച്ചു. ആഘോഷസമിതി ജില്ലാകണ്‍വീനര്‍ ഭാനുമതിടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സംയോജക് എസ്.സന്തോഷ്, കണ്‍വീനര്‍ മിഥുന് രാജ് എന്നിവര്‍ സംസാരിച്ചു. വിവേകാനന്ദ വേഷമണിഞ്ഞ വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന വിളംബര റാലി നഗരം ചുറ്റി വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്ര റോഡില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: