ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് സൈനികരുടെ വെടിവെപ്പ്. വ്യാഴാഴ്ച്ച രാത്രി പൂഞ്ച് മേഖലയിലെ മൂന്നിടങ്ങളില്‍ പാക്കിസ്ഥാന് വെടിയുതിര്‍ത്തതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പൂഞ്ചില്‍ രണ്ട്മണിക്കൂറോളം വെടിവെയ്പ് നീണ്ടുനിന്നു. മേന്താര്‍ സെക്ടറിലും ബത്താല്‍ മേഖലയിലും വെടിവെയ്പുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ മേന്താര്‍ സെക്ടറിലെ സൈനിക മേധാവികളുടെ ഫ്ലാഗ് മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ പാക്കിസ്ഥാന് ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ മഞ്ഞിന്റെ മറവിലെത്തിയ പാക് സൈനികര്‍ ഇന്ത്യന്‍ ലാന്‍സ് നായികുമാരായ സുധാകര്‍ സിംഗ്, ഹേമരാജ് എന്നിവരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നതിന് ഒരാഴ്ച്ച മുമ്പ് അതിര്‍ത്തിയില്‍ ലഷ്കര്‍ ഭീകരരന്‍ ഹാഫിസ് സയിദ് എത്തിയ കാര്യം കേന്ദ്രആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചു. സംഭവം ഐക്യരാഷ്ട്രസഭ അന്വേഷിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി. അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ആക്രമണം ഗൗരവപൂര്‍വ്വം പരിശോധിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യാ-പാക് ബന്ധം വഷളാക്കുന്നു. പൂഞ്ച്-റാവല്‍കോട്ട് ബസ് സര്‍വ്വീസ് പാക്കിസ്ഥാന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇതിന് ഔദ്യോഗികമായി വിശദീകരണം നല്കാന് പാക്കിസ്ഥാന് തയ്യാറായിട്ടില്ല. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2006 ജൂണിലാണ് പൂഞ്ച്-റാവല്‍കോട്ട് ബസ് സര്‍വ്വീസ് ആരംഭിച്ചത്. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അതിര്‍ത്തിവഴിയുള്ള ഇന്ത്യാ-പാക് വ്യാപാരവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നും പോയ 26 ട്രക്കുകള്‍ പാക് സേന തടഞ്ഞു. ഗേറ്റ് തുറക്കാന്‍ പാക് സേന വിസമ്മതിച്ചതായാണ് ട്രക്ക് ഡ്രൈവര്‍മാര്‍ അറിയിച്ചത്. അതിര്‍ത്തി വഴിയുള്ള വ്യാപാരബന്ധം പൂര്‍ണമായും നിലച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: