കൊച്ചി: എരുമേലി പേട്ടതുള്ളലിനും മകരവിളക്ക് ദര്‍ശനത്തിനുമായി ആലങ്ങാട് യോഗം സ്പെഷ്യല്‍ പാസ് അന്യായ തുക ഈടാക്കി അന്യസംസ്ഥാനക്കാര്‍ക്ക് വില്‍ക്കുന്നതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, എ.വി.രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി സ്വീകരിച്ചത്.
ആളൊന്നിന് 2000 രൂപ, മഹാനിവേദ്യത്തിന് 10,000 രൂപ എന്നിങ്ങനെയാണ് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ തീര്‍ഥാടകരില്‍ നിന്നും പിരിക്കുന്നത്. തിരക്കില്ലാതെ മല ചവിട്ടാമെന്ന വാഗ്ദാനത്തോടെ 900ത്തോളം പാസുകള്‍ നിലവില്‍ വിറ്റഴിക്കപ്പെട്ടു. ഇതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ആലങ്ങാട്ടുകാരുടെ ഐഡിന്റിറ്റി പരിശോധിച്ചു മാത്രമേ കയറ്റിവിടാവൂ എന്ന് ഹര്‍ജിയില്‍ അപേക്ഷിച്ചിട്ടുണ്ട്. പുണ്യപുരാതന ചടങ്ങുകള്‍ അതിന്റെ മാഹാത്മ്യം ചോര്‍ന്നു പോകാതെ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: