കഠിനമായി പ്രയത്നിക്കാം; ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവിഭാരതത്തിന്റെ വരവ് നമ്മുടെ യത്നത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ ആ ഭാരതം തയ്യാറായി, കാത്തുനില്‍ക്കുകയാണ്; പക്ഷേ ഉറക്കമാണെന്നുമാത്രം. ഉണരുക! എഴുന്നേല്ക്കുക!! നവീകൃതയായി പൂര്‍വാധികം പ്രശംസനീയയായ നമ്മുടെ മാതൃഭൂമിയെ സ്വന്തം അനശ്വര സിംഹാസനത്തില്‍ ഇരുത്തുക. ഈശ്വരനെന്ന ആശയത്തിന് നമ്മുടെ മാതൃഭൂമിയിലെന്നോണം മറ്റൊരിടത്തും ഇത്ര പൂര്‍ണമായ വികാസമുണ്ടായിട്ടില്ല.
എന്തുകൊണ്ടെന്നാല്‍, ഈശ്വരനെക്കുറിച്ചുള്ള ആശയം മറ്റൊരിടത്തും നിലവിലില്ല. എന്റെ ഈ പ്രസ്താവം കേട്ട് നിങ്ങള്‍ അത്ഭുതപ്പെടുകയാവാം. എന്നാല്‍ മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍ നിന്ന് ഈശ്വരനെപ്പറ്റി നമ്മുടേതിന് തുല്യമായി ഒരാശയം എടുത്തുകാട്ടുക. സംഘങ്ങളുടെ ദേവതകളെ അവയിലുള്ളൂ – യഹൂദന്മാരുടെ ദേവത, അറബികളുടെ ദേവത എന്നും മറ്റും. ഈ ദേവതകള്‍ തമ്മില്‍ പോരാട്ടവുമാണ്. ഇവിടെ, ഇവിടെമാത്രമേ, ഉള്ളൂ ശിവനും ശങ്കരനും കരുണാമയനുമായ ഈശ്വരന് – നമ്മുടെ അച്ഛനും അമ്മയും ഉറ്റവനും ഉറ്റവരുടെ ഉറ്റവരും ആത്മാവിന്റെ ആത്മാവുമായ ഈശ്വരന് – എന്ന ആശയം. ശൈവരുടെ ശിവനും വൈഷ്ണവരുടെ വിഷ്ണുവും കര്‍മികളുടെ കര്‍മവും ബൗദ്ധരുടെ ബുദ്ധനും ജൈനരുടെ ജിനനും ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ജിഹോവയും, മുഹമ്മദീയരുടെ അള്ളായും, മതവിഭാഗക്കാരുടെയെല്ലാം പ്രഭുവും, വേദാന്തികളുടെ ബ്രഹ്മവുമായ – സര്‍വവ്യാപിയായ, ഇവിടെ മാത്രം പ്രഖ്യാതമഹിമയോടുകൂടിയ – ആ ഈശ്വരന് നമ്മെ അനുഗ്രഹിക്കട്ടെ, സഹായിക്കട്ടെ! ഈ ആശയം പ്രായോഗികമാക്കാന്‍ നമുക്ക് ശക്തിയും വീര്യവും അത് നമ്മില്‍ ശക്തിമത്താകട്ടെ; പരസ്പരം ഉപകരിക്കുവാനായി അതു നമ്മില്‍ വീര്യമാകട്ടെ; ഗുരുശിഷ്യന്മാര്‍ക്ക് തമ്മില്‍ സ്പര്‍ദ്ധയില്ലാതിരിക്കട്ടെ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: