പെരുമ്പാവൂര്‍: മരവ്യവസായത്തിന് അനുകൂലമായ നിലപാടുള്ള യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് വേദിവിടും മുമ്പേ, കോണ്‍ഗ്രസ്സ് ഭരണം നടത്തുന്ന അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 2 പ്ലൈവുഡ് കമ്പനികള്‍ നിര്‍ത്തലാക്കണമെന്ന മൂവാറ്റുപുഴ ആര്‍ഡിഒയുടെ ഉത്തരവ് വന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. കഴിഞ്ഞ 17 മുതല്‍ പെരുമ്പാവൂര്‍ മേഖലയിലെ മരവ്യവസായ ശാലകള്‍ അടച്ചിട്ട് സമരം ചെയ്തിരുന്നു. സമരം തീര്ന്നതിനോടനുബന്ധിച്ച് സോമില്‍ ഓണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നയോഗത്തിലാണ് മരവ്യവസായം പെരുമ്പാവൂരിന്റെ സാമ്പത്തിക സ്രോതസ്സാണെന്നും ഇത് നിലനിര്‍ത്തണമെന്നും പി.പി.തങ്കച്ചന് പറഞ്ഞത്.
ഇടത് വലത് മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത യോഗം തിരുന്നതിനുമുമ്പേ ആര്‍ഡിഒയുടെ നിരോധന ഉത്തരവും എത്തി. അശമന്നൂര്‍ പഞ്ചായത്തില്‍ മുട്ടത്തുമുഗള് കോഴിമറ്റം ഭാഗത്ത് അനധികൃതമായി പാടം നികത്തിയ സ്ഥലത്ത് പണിതുയര്‍ത്തുന്ന കമ്പനികളാണ് ആര്‍ഡിഒ തടഞ്ഞത്. ഈ കമ്പനികള്‍ പൊളിച്ചുനീക്കണമെന്നും സ്ഥലം പഴയതുപോലെയാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇവിടെ കമ്പനികള്‍ പണിയാരംഭിച്ചപ്പോള്തന്നെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്ഥലം പൂര്വ്വരൂപത്തിലാക്കണമെന്ന് താജ് പ്ലൈവുഡ്, വുഡ് പ്ലാനറ്റ് എന്നീ കമ്പനികളുടെ ഉടമകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിന് പുറമെ കഴിഞ്ഞ ദിവസം കുവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയില് പ്രവര്‍ത്തിച്ചിരുന്ന രണ്ട് പ്ലൈവുഡ് കമ്പനികളുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും അറിയുന്നു. കഴിഞ്ഞ 4 വര്‍ഷമായി പടിക്കലപ്പാറ പട്ടികജാതി കോളനിക്ക് സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന കമ്പികള്ക്കെതിരെയാണ് ഈ നടപടി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്ത്തനാനുമതിയില്ലാതെയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പറയുന്നു. മരവ്യവസായത്തിന് യുഡിഎഫിന്റെ അനുകൂല നിലപാട് വന്നതിന് തൊട്ടുപിന്നാലെ വന്ന നിരോധന ഉത്തരവുകള്‍ പായസത്തിന്റെ മധുരം മാറും മുമ്പേ വന്ന കയ്പ് നീരാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: