കാലടി: താരഭാരം മികച്ച നടീനടന്മാരുടെ പോലും കഴിവുകള്‍ ശരിയായി പ്രകാശിപ്പിക്കാന്‍ തടസ്സമാകുന്നു എന്ന് അടൂര്‍ ഗോപാലകൃഷ്ണന് പ്രസ്താവിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ മലയാള വിഭാഗത്തില്‍ നടന്ന ത്രിദിന പ്രഭാഷണ പരമ്പരയുടെ സമാപന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമുഖങ്ങളോടൊപ്പം മുഖ്യധാരാ നടീനടന്മാരെയും സ്വയംവരം മുതലുള്ള തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. വിധേയനില്‍ മമ്മൂട്ടി അവതരിപ്പിച്ച ഭാസ്കരപട്ടേലര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറില്‍ത്തന്നെ മികച്ചതായത് താരഭാരം ഒഴിവാക്കി അദ്ദേഹത്തിന്റെ കഴിവുകള്‍ പരമാവധി പ്രകാശിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.
തിരക്കഥ ഒരു സാഹിത്യ രൂപമല്ലെന്നും സിനിമ നിര്‍മിക്കാനുള്ള അടിസ്ഥാന രേഖയാണ് അതെന്നും അടൂര്‍ വ്യക്തമാക്കി. താന്‍ വളരെ നിയതമായ രീതിയിലുള്ള തിരക്കഥയുടെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മിക്കുന്നയാളാണ്. തിരക്കഥയില്ലാതെയും സിനിമ നിര്‍മിക്കാന്‍ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹിത്യകൃതികളെ സിനിമയാക്കുമ്പോള്‍ കൃതിയെ താന്‍ സ്വന്തം നിലയില്‍ പാകപ്പെടുത്തി തനിക്ക് ആവശ്യമുള്ളത് മാത്രം അതില്‍നിന്ന് സ്വീകരിക്കുകയാണ് പതിവ് എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീസ്വത്വത്തെ അതിന്റെ സൂക്ഷ്മപരിണാമത്തോടെ അവതരിപ്പിക്കാനുള്ള ശ്രമം നാല്‍പ്പതു കൊല്ലത്തെ ചലച്ചിത്ര ജീവിതത്തില്‍ താന്‍ തുടര്‍ന്നിട്ടുണ്ട് എന്ന് അടൂര്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. സ്വയംവരം മുതല്‍ നാലുപെണ്ണുങ്ങള്‍ വരെ അത് കാണാനാവും. എന്നാല്‍ സ്ത്രീവാദം പറയുന്ന പലര്‍ക്കും ഇത് മനസ്സിലായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മലയാള വിഭാഗം മേധാവി ഡോ.കെ.എസ്.രവികുമാര്‍ അധ്യക്ഷനായിരുന്നു. ഡോ.എന്‍.അജയകുമാര്‍, സോബിന്‍ കുമാര്‍, അബ്ദുള്‍ റഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: