കൊച്ചി: ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. പ്രവാസി ഭാരതീയ ദിവസിന്റെ സമാപനചടങ്ങില്‍ പങ്കെടുത്ത് പ്രവാസി ഭാരതീയ സമ്മാന്‍ വിതരണം ചെയ്യാനാണ് രാഷട്രപതി എത്തുന്നത്. ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് തന്നെ രാഷ്ട്രപതി തലസ്ഥാനത്തേക്ക് മടങ്ങും.
വൈകിട്ട് 4.45 ന് വായുസേനയുടെ പ്രത്യേകവിമാനത്തിലാണ് രാഷട്രപതിയും സംഘവും കൊച്ചിയിലെത്തുക. അഞ്ച് മിനിട്ട് നേരത്തെ ഹ്രസ്വസ്വീകരണത്തിന് ശേഷം രാഷ്ട്രപതി പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനായി ഹോട്ടല്‍ ലേ മെറിഡിയനിലേക്ക് യാത്രയാകും. അഞ്ച് മണി മുതല്‍ ആറ് വരെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി സമാപന പ്രസംഗത്തിനും അവാര്‍ഡ് ദാനചടങ്ങിനും ശേഷം വൈകിട്ട് ആറിന് യാത്ര തിരിക്കും. 6.15ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതിയും സംഘവും ദല്‍ഹിയിലേക്ക് മടങ്ങും.
പ്രവാസി ഭാരതീയ ദിവസ് സമാപന സമ്മേളനത്തില്‍ രാഷ്ട്രപതിയെ കൂടാതെ മൗറീഷ്യസ് പ്രസിഡന്റ് രാജ്കേശ്വര്‍ പുര്യാഗ്, ഗവര്‍ണര്‍ എച്ച്.ആര് ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, പ്രവാസികാര്യമന്ത്രാലയം സെക്രട്ടറി രാജീവ് മെഹ്റിഷി എന്നിവരാണ് വേദിയിലുണ്ടാകുക. മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ 27 അംഗ സംഘമാണ് രാഷ്ട്രപതിക്കൊപ്പം കൊച്ചിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: