പളളുരുത്തി: പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഇടക്കൊച്ചി, പഷ്ണിത്തോട് പാലത്തിന് വടക്ക്, ചോയ്സ് റോഡ്, പെരുമ്പടപ്പ് കോണം, എംഎല്‍എ റോഡ്, നമ്പ്യാപുരം തുടങ്ങിയ സ്ഥലങ്ങളിലും വന്‍ റാക്കറ്റുകളുടെ ചെറു സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് വിവരം. വിദ്യാര്‍ത്ഥികളും ഈ സംഘങ്ങളുടെ കണ്ണികളാണ്.
ദല്‍ഹിയില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കാരിയറുകളെ ഉപയോഗിച്ച് ആംപ്യൂളുകള്‍ കടത്തുന്നതിലും ഇവിടെനിന്നുള്ള ചില സംഘങ്ങള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. പ്രത്യക്ഷത്തിലുള്ള ചില സംഘങ്ങള്‍ക്കെതിരെ പോലീസ് ഈയിടെ നീക്കം നടത്തിയെങ്കിലും പോലീസിന്റെ ലിസ്റ്റില്‍ പെടാത്ത വിദ്യാര്‍ത്ഥികളെ ഇവരുടെ പങ്കാളികളായി മാറ്റിയെടുക്കാന്‍ ശ്രമം നടത്തുകയാണെന്നും സൂചനയുണ്ട്. പള്ളുരുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ആലപ്പുഴ ജില്ലയിലെ ചില ക്രിമിനല്‍ ഗുണ്ടാസംഘവുമായി അടുത്തബന്ധം പുലര്‍ത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് ലക്ഷങ്ങളുടെ മയക്കുമരുന്നാണ് അന്യസംസ്ഥാനങ്ങളില്‍നിന്നും കൊച്ചിയിലേക്ക് ഒഴുകിയതെന്നും പറയുന്നു. ഇതില്‍ ഏറിയ പങ്കും പള്ളുരുത്തിയിലെ ചെറിയ സംഘാംഗങ്ങള്‍ക്കും കൈമാറുകയായിരുന്നത്രെ. മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെയും ഇത് ഉപയോഗിക്കുന്നവരെയും കുടുക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: