പള്ളുരുത്തി: ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി പള്ളുരുത്തി അഴകിയകാവ് ക്ഷേത്രമുറ്റം വീണ്ടും മറ്റൊരുപുലവാണിഭ മേളക്ക് സാക്ഷ്യം വഹിക്കുന്നു. അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനം നടത്തുന്നതിനായി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ വടക്കേനട തുറന്നുകൊടുത്തുകൊണ്ട് കൊച്ചി രാജാവ് നടത്തിയ വിളംബരത്തിന്റെ ഓര്‍മ്മപുതുക്കലായി ഇന്നും നിറം മങ്ങാതെ പുലവാണിഭമേള കൊണ്ടാടുന്നു. ക്ഷേത്രപ്രവേശന അവകാശം ലഭിച്ച അധഃസ്ഥിതവിഭാഗക്കാര് വാണിജ്യഉത്സവമായി മേളയെ മാറ്റുകയായിരുന്നു. തങ്ങളുടെ അദ്ധ്വാനത്താല്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള് പുലവാണിഭ മേളക്കെത്തി വില്പന നടത്തി മടങ്ങുകയാണ് പതിവ്. ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയാണ് മേള പ്രധാനമായും നടക്കുന്നതെങ്കിലും ആഴ്ചകള്‍ക്ക് മുമ്പേ കച്ചവടക്കാര്‍ അഴകിയ കാവിന്റെ വടക്കേമുറ്റം കയ്യടക്കികഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ ഇന്നും കച്ചവടത്തിനുവേണ്ടി ഇവിടെയെത്താറുണ്ട്. പനമ്പ് ഉല്പന്നങ്ങളായ കുട്ട, വട്ടി, മുറം, പായ, വിശറി, കരിങ്കല്‍ ഉല്പന്നങ്ങളായ ഉരല്, അമ്മിക്കല്ല്, ആട്ടുകല്ല്, വിവിധ നടീല്‍ വിത്തുകള്‍, ഉണക്കമീന്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള് എന്നിവയും ഇവിടുത്തെ കച്ചവടത്തിനായി എത്തിക്കഴിഞ്ഞു. കാലത്തിന്റെ കുത്തൊഴുക്കില്‍ പുലവാണിഭത്തിന്റെ നിറം മങ്ങിയിട്ടുണ്ടെങ്കിലും നാനാജാതി മതസ്ഥര്‍ കച്ചവടത്തിനായും ആവശ്യക്കാരായും എത്തുന്ന അപൂര്‍വ്വ മേളകളിലൊന്നാണിത്. കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം കച്ചവടക്കാര്‍ എത്തുന്നുണ്ട്. വാഹനഗതാഗതമില്ലായിരുന്ന കാലത്ത് അയല്‍ ജില്ലകളില്‍ നിന്നെല്ലാം വള്ളങ്ങള്‍ കുട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി ആട്ടവും പാട്ടും മേളവുമായാണ് തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം വില്ക്കുവാന് തൊഴിലാളികള്‍ എത്തിയിരുന്നത്. നടക്കടവില് അടുപ്പിക്കുന്ന വള്ളങ്ങളില്‍ നിന്നും തലച്ചുമടായി ക്ഷേത്രമുറ്റത്ത് സാധനങ്ങള്‍ എത്തിക്കുകയായിരുന്നു പതിവ്. സംഘാടകരില്ലാതെ നടത്തപ്പെടുന്ന കേരളത്തിലെ ഏക ആഘോഷം കൂടിയാണ് പുലവാണിഭമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: