കാലടി: ശ്രീപാര്‍വ്വതീദേവിയുടെ ദര്‍ശനപുണ്യം തേടിയുള്ള ഭക്തജനങ്ങളുടെ ഗംഗാപ്രവാഹത്തില്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി. സകല പ്രതീക്ഷകള്‍ക്കുമപ്പുറം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. നടതുറപ്പ് മഹോത്സവം നാളെ സമാപിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ചയായതിനാല്‍ ഭക്തജനങ്ങളുടെ തിരക്ക് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ തയ്യാറെടുപ്പുകളും വിഫലമാക്കുന്നതരത്തിലുള്ള ഭക്തജനസാഗരം തിരുവൈരാണിക്കുളത്തെ വീര്‍പ്പ്മുട്ടിച്ചു. ശനിയാഴ്ച രാത്രി നട അടയ്ക്കുമ്പോള്‍ തന്നെ പിറ്റേ ദിവസം വെളുപ്പിന് തൊഴാനുള്ള നീണ്ടക്യൂ രൂപപ്പെട്ടിരുന്നു. ഇതുമൂലം വെളുപ്പിന് മൂന്ന് മണിക്ക് നടതുറന്നു. ഉച്ച പൂജയ്ക്ക് ശേഷം ഭക്തജനത്തിരക്ക് മൂലം നടഅടച്ച ശേഷം ഉടനെ തുറന്നു. ക്ഷേത്രത്തോട് ചേര്‍ന്നുള്ള രണ്ട് വലിയ ഗ്രൗണ്ടിലെ ക്യൂ കവിഞ്ഞ് നിറഞ്ഞശേഷം കാവിലെ വലിയ ഗ്രൗണ്ടും കഴിഞ്ഞ് മാറമ്പിള്ളിവരെ നീണ്ടു. അഞ്ചും ആറും മണിക്കൂര്‍വരെ ക്ഷമയോടെ കാത്ത് നിന്നാണ് ഭക്തജനങ്ങള്‍ ദര്‍ശനം നടത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ ജനസഞ്ചയം തന്നെയായിരുന്നു. ഇന്ന് മുതലുള്ള സ്വകാര്യ ബസ് സമരവും തിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ തിരുവൈരാണിക്കുളത്തേയ്ക്ക് ബസ് കാത്ത് നില്ക്കുന്നവരുടെ ക്യൂ സര്‍ക്കാര്‍ ആശുപത്രിവരെ നീണ്ടു. ക്യൂവില്‍ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും ദര്‍ശനത്തിനായി മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ക്ഷേത്രട്രസ്റ്റ് ഭാരവാഹികളും വളണ്ടിയേഴ്സും കഠിനാദ്ധ്വാനം തന്നെയാണ് നടത്തിയത്. ഭക്തജനങ്ങള്‍ക്കുള്ള അന്നദാനവും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ഭക്ജനങ്ങള്ക്ക് ഏറെ ആശ്വാസം പകര്‍ന്നു.
പന്ത്രണ്ട് ദിവസത്തെ നടതുറപ്പ് മഹോത്സവത്തിന് സമാപ്തികുറിച്ചുകൊണ്ട് നാളെ രാത്രി എട്ടിന് ശ്രീപാര്‍വ്വതീദേവിയുടെ തിരുനട അടയ്ക്കും. പിന്നെ ദേവീയുടെ നടതുറന്ന് ദര്‍ശനത്തിനായി അടുത്തവര്‍ഷത്തെ ധനുമാസത്തിലെ തിരുവാതിരവരെ കാത്തിരിയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: