കാസര്‍കോട് : ഉത്തരമലബാറിന്റെ വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് നാന്ദിയായി കേന്ദ്രസര്‍വ്വകലാശാല കാസര്‍കോട്ട് ആസ്ഥാനത്തിന് കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ എം എം പള്ളം രാജു തറക്കല്ലിട്ടു. വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കേന്ദ്രസര്‍വ്വകലാശാലയുടെ ശിലാസ്ഥാപനച്ചടങ്ങ് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് നടന്നത്.
യുവാക്കളെ തൊഴില്‍ മേഖലയില്‍ വിജയിപ്പിക്കാന്‍ പര്യാപ്തമാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഇന്നത്തെ കാലഘട്ടത്തിനാവശ്യമെന്ന് മന്ത്രി പള്ളം രാജു പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം സാക്ഷരതയിലും കോളേജുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായെങ്കിലും ജോലി നേടുന്നതിലും അതില്‍ ശോഭിക്കുന്നതിലും യുവതലമുറ പരാജയപ്പെടുകയാണ്. ഉന്നതമായ സര്‍വ്വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ പോലും തൊഴിലില്‍ പരാജയപ്പെടുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണം.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന് വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കും. വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്താനുള്ള നടപടികളാണ് ആവശ്യം. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ നാടിന്റെയും അതുവഴി രാജ്യത്തിന്റെയും പുരോഗതി സാധ്യമാകൂ എന്ന വീക്ഷണത്തിലാണ് കേന്ദ്രസര്‍വ്വകലാശാലകള്‍ അനുവദിക്കപ്പെട്ടത്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വെച്ച് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍ സര്‍വ്വകലാശാലയുടെ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു.
ലോകത്തെ മുന്നൂറ് മുന്‍നിര യൂണിവേഴ്സിറ്റികളില്‍ ഒരു ഇന്ത്യന്‍ യൂണിവേഴ്സിറ്റി പോലുമില്ലെന്ന് ശശിതരൂര്‍ ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ അംഗീകരിക്കപ്പെടണമെങ്കില്‍ ഗവേഷണ വിഭാഗത്തിന് പ്രാധാന്യം കൊടുക്കണം. സര്‍വ്വകലാശാലകളുടെ നിലവാരമുയര്‍ത്താന്‍ നമ്മുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയേ തീരൂ. കാസര്‍കോട്ട് ആരംഭിച്ചിരിക്കുന്ന കേന്ദ്രസര്‍വ്വകലാശാല ഗവേഷണത്തിന്പ്രാധാന്യം കൊടുത്ത് കൊണ്ട് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വകലാശാലയ്ക്ക് നല്‍കാനുള്ള 139 ഏക്കര്‍ ഭൂമി എത്രയും പെട്ടെന്ന് കൈമാറുമെന്നും കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് അടുത്ത ബജറ്റില്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദ്, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, കേന്ദ്ര സര്‍വ്വകലാശാല ചാന്‍സലര്‍ ഡോ വി എല്‍ ചോപ്ര തുടങ്ങിയവര്‍ സംബന്ധിച്ചു. പി കരുണാകരന് എം പി സര്‍വ്വകലാശാല ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. എം എല്‍എമാരായ കെ കുഞ്ഞിരാമന് (ഉദുമ), എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), ഇ ചന്ദ്രശേഖരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി പി ശ്യാമളാദേവി, ജില്ലാകലക്ടര്‍ മുഹമ്മദ് സഗീര്‍, എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വൈസ് ചാന്‍സിലര്‍ ഡോ ജാന്‍സി ജെയിംസ് സ്വാഗതവും രജിസ്ട്രാര്‍ ഡോ കെ എം അബ്ദുര്‍ റഷീദ് നന്ദിയും പറഞ്ഞു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: